ഊർജ്ജോത്പാദനത്തില്‍ ഏറ്റവും പുതിയ കണ്ടുപിടുത്തവുമായി അഞ്ജു
|ബഹിരാകാശ പരീക്ഷണങ്ങള്‍ക്ക് അടക്കം പ്രയോജനം ചെയ്യുന്ന കണ്ടുപിടുത്തമാണ് ഈ തിരുവല്ലക്കാരി നടത്തിയിരിക്കുന്നത്
ഊർജ്ജോത്പാദനത്തിൽ ഏറ്റവും പുതിയ കണ്ടുപിടുത്തവുമായി എംജി യൂണിവേഴ്സിറ്റിയിലെ ഗവേഷക. നാനോ ടെക്നോളജി വിഭാഗത്തിൽ ചെലവു കുറഞ്ഞ ഫ്യൂവൽ സെല്ലുകൾ വികസിപ്പിച്ചാണ് സർവ്വകലാശാലയിലെ നാനോ സയൻസ് സെന്‍ററിലെ ഗവേഷകയായ അഞ്ജു കെ നായർ ശ്രദ്ധേയയാകുന്നത്. ബഹിരാകാശ പരീക്ഷണങ്ങള്‍ക്ക് അടക്കം പ്രയോജനം ചെയ്യുന്ന കണ്ടുപിടുത്തമാണ് ഈ തിരുവല്ലക്കാരി നടത്തിയിരിക്കുന്നത്.
സാധാരണയായി സെല്ലുകളിലെ ഇലക്ട്രോഡായി താരതമ്യേന ചിലവു കൂടിയ പ്ലാറ്റിനം ഉപയോഗിക്കുന്നത്. എന്നാല്‍ ഇതിന് പകരം ബോറോൺ അടങ്ങിയിട്ടുള്ള ഗ്രാഫീൻ ഷീറ്റുകളിൽ സിൽവർ നാനോവയർ കൂട്ടി ചേർത്ത് ഇലക്ട്രോഡുകൾ ഉപയോഗിക്കാമെന്ന കണ്ടു പിടുത്തമാണ് അഞ്ജു കെ നായര്‍ നടത്തിയിരിക്കുന്നത്. ചുരുങ്ങിയ ചിലവിൽ ഇത് സാധ്യമാകുമെന്നത് വ്യാവസായിക രംഗത്ത് വൻ വിപ്ലവത്തിന് വഴിയൊരുക്കും. ഊർജ്ജ പ്രതിസന്ധിയും വർദ്ധിച്ചു വരുന്ന ഇക്കാലത്ത് ഊർജ്ജോത്പാദനത്തിൽ വലിയ മുതല്‍ കൂട്ടാകുന്ന കണ്ടു പിടുത്തമാണ് എംജി യൂണിവേഴ്സിറ്റിയിലെ ഗവേഷകയായ അഞ്ജു കെ.നായർ നടത്തിയിരിക്കുന്നത്.
പ്ലാറ്റിനം ഇലക്ട്രോഡുകളുടെ പ്രവർത്തന ഫലമായുണ്ടാകുന്ന കാർബൺ ഡൈ ഓക്സൈഡ് അടക്കമുള്ള വിഷ വാതകങ്ങൾ ഉണ്ടാകുന്നില്ല എന്നതും കണ്ടു പിടുത്തത്തിന്റെ പ്രത്യേകതയാണ്. അഞ്ജുവിന്റെ ഗവേഷണഫലം നേച്ചറിന്റെ സയന്റിഫിക് റിപ്പോർട്ട് ജേണലിൽ പ്രസിദ്ധീകരിച്ചിണ്ട് . എംജി യൂണിവേഴ്സിറ്റിയിലെ നാനോ സയൻസ് വിഭാഗത്തിലെ അദ്ധ്യാപകരായ പ്രൊഫ. സാബു തോമസിന്റേയും നന്ദകുമാർ കളരിക്കലിന്റേയും നേതൃത്വത്തിലാണ് അഞ്ജു ഗവേഷണം നടത്തിയത്.