ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കി
|ദിലീപിനെതിരെ ശക്തമായ നടപടി വേണമെന്ന് യുവതാരങ്ങള്‍ എക്സിക്യൂട്ടീവ് യോഗത്തില്‍ ശക്തമായ നിലപാടെടുത്തു
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തില്‍ താരസംഘടനയായ അമ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കി. മമ്മൂട്ടിയുടെ വീട്ടില്‍ നടന്ന അടിയന്തര എക്സിക്യുട്ടീവ് യോഗത്തിലാണ് തീരുമാനം. സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ദിലീപിനെ പുറത്താക്കിയതായി യോഗത്തിന് ശേഷം അമ്മ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി. ട്രഷറര്‍ സ്ഥാനവും ഇതോടെ ദിലീപിന് നഷ്ടമായി. യോഗത്തിന് മുന്നോടിയായി ഇടവേള ബാബു ഇന്നസെന്‍റിനെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു.
ദിലീപിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് പൃഥ്വിരാജ്, രമ്യ നമ്പീശന്‍ തുടങ്ങിയ യുവതാരങ്ങള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ദിലീപിനെ പുറത്താക്കിയില്ലെങ്കില്‍ തങ്ങള്‍ പുറത്തുപോകുമെന്നായിരുന്നു യുവനിരയുടെ നിലപാട്.
നടിയെ അക്രമിച്ച കേസില്‍ ദിലീപ് കുടുങ്ങിയതോടെ അമ്മ വെട്ടിലായിരുന്നു. ആദ്യം നടിക്ക് കാര്യമായ പിന്തുണ നല്‍കാതിരുന്ന അമ്മ ദിലീപിനെ ചോദ്യം ചെയ്തതോടെ രണ്ട് പേര്‍ക്കും പിന്തുണയുമായി രംഗത്തെത്തിയിരുന്നു. മാധ്യമങ്ങളുടെ മേല്‍ പഴിചാരി രാഷ്ട്രീയക്കാരായ നടന്‍മാര്‍ അടക്കമുളളവര്‍ രംഗത്ത് വന്നു. ദിലീപ് അറസ്റ്റിലായതോടെ ന്യായീകരിച്ചവര്‍ വെട്ടിലായി. ഇരയോടൊപ്പം നില്‍ക്കാത്ത അമ്മ പിരിച്ചുവിടണം എന്ന് ഉള്‍പ്പെടെയുള്ള വിമര്‍ശം ഉയര്‍ന്ന സാഹചര്യത്തിലാണ് ദിലീപിനെ പുറത്താക്കിയത്.