കൊല്ലപ്പെട്ട റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുമായി അഡ്വക്കറ്റ് ഉദയഭാനുവിന് കോടികളുടെ ഭൂമി ഇടപാട്
|രാജീവ് ഇടനിലക്കാരനായി സി പി ഉദയഭാനു കോടികള്‍ വിലയുള്ള മൂന്ന് സ്ഥലങ്ങള്‍ക്ക് അഡ്വാന്‍സ് തുക നല്‍കിയതിന്റെ കരാറുകളാണ് രാജീവിന്റെ മകന് മീഡിയവണിന് നല്‍കിയത്
ചാലക്കുടിയില്‍ കൊല്ലപ്പെട്ട റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന് അഭിഭാഷകനായ സി പി ഉദയഭാനുവുമായി ഭൂമിയിടപാടുകള്‍ ഉണ്ടായിരുന്നുവെന്നതിന് രേഖകള്‍ പുറത്ത്. രാജീവ് ഇടനിലക്കാരനായി സി പി ഉദയഭാനു കോടികള്‍ വിലയുള്ള മൂന്ന് സ്ഥലങ്ങള്‍ക്ക് അഡ്വാന്‍സ് തുക നല്‍കിയതിന്റെ കരാറുകളാണ് രാജീവിന്റെ മകന് മീഡിയവണിന് നല്‍കിയത്. കേസില്‍ അറസ്റ്റിലായ ചക്കര ജോണിയും സി പി ഉദയഭാനുവും ഉള്‍പ്പെട്ട ഭൂമിയിടപാടുകള്‍ പൊലീസ് പരിശോധിച്ച് വരികയാണ്.
പാലക്കാട് ചിറ്റൂര്‍ താലൂക്കിലെ മുതലമടയില്‍ നാല് ഹെക്ടറിലധികം ഭൂമി വാങ്ങാനാണ് സി പി ഉദയഭാനു ഉടമ്പടി ഒപ്പിട്ടത്. സെന്റിന് ഇരുപത്തൊന്നായിരം രൂപയായിരുന്നു വില. 50 ലക്ഷം രൂപ ഇതിനായി അഡ്വാന്‍സ് നല്കി. എറണാകുളം ഏലൂരില്‍ ഒരു കോടി 28 ലക്ഷം രൂപ വിലക്ക് കരാറെഴുതി സ്ഥലത്തിന് 40 ലക്ഷം രൂപ അഡ്വാന്‍സ് നല്കി. എറണാകുളം പറവൂര്‍ താലൂക്കില്‍ 2 കോടി 98 ലക്ഷം രൂപക്ക് വാങ്ങാനുദ്ദേശിച്ച സ്ഥലത്തിന് 20 ലക്ഷം രൂപ നല്കി കരാറെഴുതി. ഈ സ്ഥലങ്ങള്‍ക്കെല്ലാം ഇടനിലക്കാരനായത് കൊല്ലപ്പെട്ട രാജീവായിരുന്നു.
രാജീവും കേസില്‍ പ്രതിയായ ചക്കര ജോണിയും ഉദയഭാനുവും തമ്മിലുള്ള ബന്ധങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്. കേസുകള്‍ക്കായി രാജീവ് ഉദയഭാനുവിനെ ബന്ധപ്പെട്ടിരുന്നതായി മകന് പറഞ്ഞു. ഈ ഭൂമിയിടപാടുകളില്‍ എത്ര തുക മുന്‍കൂര്‍ നല്കി, പിന്നീട് വസ്തു രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചോ തുടങ്ങിയ കാര്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. സി പി ഉദയഭാനുവിനെതിരെ ഫോണ്‍ രേഖകളടക്കമുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചതിനാലാണ് ഭൂമിയിടപാടുകള്‍ കൂടി പരിശോധിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലൂടെയാണ് രാജീവും ഉദയഭാനുവുമായുള്ള ബന്ധമുണ്ടായത്.