ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയില്‍ ഗുരുതര നിയമലംഘനമെന്ന് പരാതി
|ഭൂമി ഏറ്റെടുത്തു കൊണ്ട് നല്‍കേണ്ട രേഖയായ അവാര്‍ഡും ഭൂമിഏറ്റെടുത്തതായുള്ള സിക്സ് വണ്‍ നോട്ടീസും ഭൂരിഭാഗം പേര്‍ക്കും ഗെയില്‍ നല്‍കിയിട്ടില്ല
വാതക പൈപ്പ് ലൈന്‍ പദ്ധതിയില്‍ ഗെയില്‍ ഗുരുതരമായ നിയമലംഘനങ്ങള്‍ നടത്തുന്നതായി പരാതി. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പി എം പി ആക്ട് അട്ടിമറിച്ചാണ് കോഴിക്കോട് എരഞ്ഞിമാവിലെ ഗെയില്‍ നടപടികള്‍. ഭൂമി ഏറ്റെടുത്തു കൊണ്ട് നല്‍കേണ്ട രേഖയായ അവാര്‍ഡും ഭൂമിഏറ്റെടുത്തതായുള്ള സിക്സ് വണ്‍ നോട്ടീസും ഭൂരിഭാഗം പേര്‍ക്കും ഗെയില്‍ നല്‍കിയിട്ടില്ല.
1962ലെ പെട്രോളിയം ആന്റ് മിനറല്‍സ് പൈപ്പ് ലൈന്‍ നിയമ പ്രകാരമാണ് ഭൂമി ഏറ്റെടുക്കേണ്ടത്. ഇത് പ്രകാരം ഭൂമി ഏറ്റെടുക്കുന്നതായി കാണിച്ച് ആദ്യം നോട്ടീസ് നല്‍കണം. പരാതിയുണ്ടെങ്കില്‍ ഹിയറിങ് നടത്തി ആക്ഷപം കേള്‍ക്കണം. ഭൂമി ഏറ്റെടുത്തതായി 6(1) നോട്ടീസ് നല്‍കണം. എന്നാല്‍ കോഴിക്കോട് എരഞ്ഞിമാവില്‍ ഭൂരിഭാഗം പേരും ഇതൊന്നും കണ്ടിട്ട് പോലുമില്ല. ആദ്യം നല്‍കേണ്ട നോട്ടീസ് പോലും എത്തിയത് പോസ്റ്റ് കാര്‍ഡ് രൂപത്തിലാണ്. മറ്റെല്ലാ നടപടി ക്രമങ്ങളും അട്ടിമറിച്ചതായാണ് സമര സമിതിയുടെ പരാതി.
പണി തുടങ്ങിയ ഭൂമിയുടെ ഉടമകള്‍ക്ക് പോലും ഭൂമി ഏറ്റെടുത്തു കൊണ്ടുള്ള രേഖ ലഭിച്ചിട്ടില്ല. സമാനമായ സാഹചര്യമാണ് ഭൂമിയിലെ മരങ്ങള്‍ വെട്ടിമാറ്റപ്പെട്ടവരുടേയും അവസ്ഥ. ചുരുക്കം ചിലര്‍ക്ക് മാത്രമാണ് ഇതിനുള്ള നഷ്ട പരിഹാര തുകയുടെ ചെക്ക് ലഭിച്ചിരിക്കുന്നത്.