Kerala
ഹാദിയയെ കാണാന്‍ സംസ്ഥാന വനിതാ കമ്മീഷനെ അനുവദിച്ചില്ലഹാദിയയെ കാണാന്‍ സംസ്ഥാന വനിതാ കമ്മീഷനെ അനുവദിച്ചില്ല
Kerala

ഹാദിയയെ കാണാന്‍ സംസ്ഥാന വനിതാ കമ്മീഷനെ അനുവദിച്ചില്ല

Sithara
|
26 May 2018 9:29 AM GMT

ഹാദിയയുടെ മാതാപിതാക്കളാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനെ മടക്കിയയച്ചത്.

ഹാദിയയെ കാണാന്‍ സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷയെ മാതാപിതാക്കള്‍ അനുവദിച്ചില്ല. സുപ്രീകോടതിയില്‍ പോകാനുള്ള ചെലവ് വഹിക്കാമെന്ന് അറിയിക്കാനാണ് കമ്മീഷന്‍ ഹാദിയയുടെ വീട്ടിലെത്തിയത്. എന്നാല്‍ ഇത് ആവശ്യമില്ലെന്ന് പറഞ്ഞ് വനിതാ കമ്മീഷനെ മാതാപിതാക്കള്‍ മടക്കി അയക്കുകയായിരുന്നു. അതേസമയം ഹാദിയക്ക് കടുത്ത നിയന്ത്രണങ്ങളാണ് വീട്ടിലുള്ളതെന്ന് കമ്മീഷന്‍ പത്രക്കുറിപ്പിലൂടെ വിശദീകരിച്ചു.

ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ ഹാദിയായെ കാണാന്‍ വൈക്കത്തെ വീട്ടിലെത്തിയത്. എന്നാല്‍ പിതാവ് അശോകന്‍ അനുമതി നല്‍കിയില്ല. തന്റെ അഭിപ്രായം തേടാതെ സുപ്രീംകോടതിയില്‍ കമ്മീഷന്‍ കക്ഷി ചേര്‍ന്നത് ശരിയായില്ലെന്ന് പറഞ്ഞാണ് ഹാദിയയെ കാണുന്നതില്‍ നിന്നും കമ്മീഷനെ തടഞ്ഞത്. സുപ്രീംകോടതിയില്‍ പോകാനുള്ള വിമാന ചെലവടക്കം വഹിക്കാമെന്ന കമ്മീഷന്റെ നിര്‍ദ്ദേശവും മാതാപിതാക്കള്‍ നിരാകരിച്ചു.

എന്നാല്‍ സുപ്രീം കോടതിയെ സമീപിച്ചത് ശരിയായ നടപടിയാണെന്നും പ്രായപൂര്‍ത്തിയായ ഒരാളെ കാണാന്‍ അച്ഛന്റെ അനുവാദം വേണമെന്ന് പറയുന്നത് ശരിയല്ലെന്നും കമ്മീഷന്‍ പറഞ്ഞു. തുടര്‍ന്ന് സുരക്ഷയൊരുക്കുന്ന പൊലീസ് ഉദ്യോഗസ്ഥരോട് കാര്യങ്ങള്‍ അന്വേഷിച്ചതിന് ശേഷമാണ് കമ്മീഷന്‍ മടങ്ങിയത്. ഹാദിയക്ക് വീടിനുള്ളില്‍ കടുത്ത നിയന്ത്രണങ്ങളാണെന്നും ഇക്കാര്യങ്ങള്‍ സുപ്രീംകോടതിയില്‍ ബോധിപ്പിക്കുമെന്നും എം സി ജോസഫൈന്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

നേരത്തെ നിയമപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഹാദിയയെ സന്ദര്‍ശിക്കാതിരുന്ന കമ്മീഷനെതിരെ രൂക്ഷ വിമര്‍ശങ്ങള്‍ ഉയര്‍ന്നിരുന്നു. ദേശീയ വനിത കമ്മീഷന്‍ നേരിട്ടെത്തി ഹാദിയയെ സന്ദര്‍ശിച്ചതോടെയാണ് സുപ്രീംകോടതിയില്‍ പോകുന്നതിന് മുന്‍പ് ഹാദിയയെ കാണാന്‍ പോകാന്‍ സംസ്ഥാന വനിതാ കമ്മീഷന്‍ തയ്യാറായത്.

Similar Posts