Kerala
നടിയെ ആക്രമിച്ച ‌കേസ്; വിചാരണ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെടുംനടിയെ ആക്രമിച്ച ‌കേസ്; വിചാരണ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെടും
Kerala

നടിയെ ആക്രമിച്ച ‌കേസ്; വിചാരണ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെടും

Jaisy
|
26 May 2018 4:59 PM GMT

ഇതിനായി പ്രത്യേക വിചാരണ കോടതി അനുവദിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് പൊലീസ് ആവശ്യപ്പെടുക

നടിയെ ആക്രമിച്ച കേസില്‍ വിചാരണ വേഗത്തിലാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. ഇന്നലെ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം അങ്കമാലി കോടതി ഇന്ന് സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കും. അതേസമയം കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. സംഭവ ശേഷം നടിയെ മോശക്കാരിയാക്കാന്‍ ദിലീപ് ശ്രമിച്ചെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

കേസില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാണ് അന്വേഷസംഘം വാദിക്കുന്നത്. ഇതിനായി പ്രത്യേക വിചാരണ കോടതി അനുവദിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് പൊലീസ് ആവശ്യപ്പെടുക. അനുബന്ധ കുറ്റപത്രത്തിന്റെ സൂക്ഷ പരിശോധന അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ നടക്കും. ഗുരുതര കുറ്റകൃത്യങ്ങളായതിനാല്‍ സെഷന്‍സ് കോടതിയിലാവും വിചാരണ നടപടികള്‍ ഉണ്ടാവുക. അവിടെ നിന്നാവും പ്രതികളാവര്‍ക്ക് സമന്‍സ് അയക്കുക. കുറ്റപത്രത്തില്‍ ഗൂഡാലോചന സംബന്ധിക്കും കുറ്റകൃത്യം നടക്കാന്‍ കാലതാമസമെടുത്തതും സംബന്ധിച്ച് പോലീസ് വിശദീകരിക്കുന്നുണ്ട്. 2013ല്‍ നടിയെ ആക്രമിക്കാന്‍ പദ്ധതിയിട്ടെങ്കിലും രണ്ട് കേസുകളില്‍ പെട്ട് പള്‍സര്‍ സുനി ഒളിവില്‍ കഴിയുകയും പിന്നീട് അറസ്റ്റിലായി ജയിലില്‍ പോകുകയും ചെയ്തു.

അക്രമിക്കപ്പെട്ട നടിയുടെ അച്ഛന്‍ മരിക്കുന്ന 2015 സെപ്റ്റംബര്‍ വരെ അദ്ദേഹത്തിനൊപ്പമായിരുന്നു നടി സിനിമ സെറ്റുകളിലെത്തിയിരുന്നത്. അതും ആക്രമണത്തിന് തടസ്സായിയെന്ന് അന്വേഷണ സംഘം പറയുന്നു. സംഭവത്തിന് ശേഷവും ദിലീപ് നടിയെ മോശക്കാരിക്കാന്‍ ശ്രമിച്ചിരുന്നു. നടിയോട് ജാഗ്രത പുലര്‍ത്തണമെന്ന് സിനിമ മേഖലയിലെ ആളുകളെ കൊണ്ട് ദിലീപ് പറയിച്ചു തുടങ്ങിയ ആരോപണങ്ങളും കുറ്റപത്രത്തിലുണ്ട്.

Similar Posts