Kerala
സ്വരാജിനായി സിപിഎം വിമതരുടെ കണ്‍വെന്‍ഷന്‍സ്വരാജിനായി സിപിഎം വിമതരുടെ കണ്‍വെന്‍ഷന്‍
Kerala

സ്വരാജിനായി സിപിഎം വിമതരുടെ കണ്‍വെന്‍ഷന്‍

admin
|
26 May 2018 6:53 PM GMT

എം സ്വരാജിനെ വിജയിപ്പിക്കാന്‍ ഉദയംപേരൂരില്‍ സിപിഎം വിമതരുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

തൃപ്പൂണിത്തുറയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജിനെ വിജയിപ്പിക്കാന്‍ ഉദയംപേരൂരില്‍ സിപിഎം വിമതരുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍. സ്വരാജിന് വേണ്ടി പ്രവര്‍ത്തിക്കുമ്പോഴും സിപിഎം പ്രാദേശിക നേതൃത്വത്തോട് കടുത്ത പ്രതിഷേധമാണ് ഇവിടെ നിലനില്‍ക്കുന്നത്. കൃഷ്ണപിള്ള സാംസ്കാരിക സമിതിയുടെ കണ്‍വെന്‍ഷനിലേക്ക് സ്ഥാനാര്‍ഥി എം സ്വരാജിനെ ക്ഷണിച്ചെങ്കിലും സ്വരാജ് പങ്കെടുത്തില്ല.

തൃപ്പൂണിത്തുറ മണ്ഡലത്തിലെ ഉദയംപേരൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫിന് കഴിഞ്ഞ തവണ ഭരണം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് വി എസ് പക്ഷക്കാരായ നേതാക്കളെ പാര്‍ട്ടി സസ്പെന്റ് ചെയ്തത്. ഇതേതുടര്‍ന്ന് സിപിഎം പ്രാദേശിക നേതൃത്വവുമായി അകന്ന വി എസ് പക്ഷക്കാര്‍ കൃഷ്ണപിള്ള സാംസ്കാരിക വേദി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. സിപിഎമ്മുമായി തങ്ങള്‍ക്ക് യാതൊരു പ്രശ്നവുമില്ലെന്നും സ്വരാജിന്റെ വിജയത്തിനായി അക്ഷീണം പ്രവര്‍ത്തിക്കുമെന്നും കൃഷ്ണപിള്ള സാംസ്കാരിക സമിതി സെക്രട്ടറി രഘുവരന്‍ പറഞ്ഞു. എന്നാല്‍ സിപിഎം പ്രാദേശിക നേതൃത്വവുമായി ഒരിക്കലും ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും രഘുവരന്‍ കൂട്ടിച്ചേര്‍ത്തു.

ഇവിടുത്തെ സിപിഎം ദിശ തെറ്റിയാണ് പ്രവര്‍ത്തിക്കുന്നത്. ഇത് നേതൃത്വം കണ്ടില്ലെന്ന് നടിക്കുകയാണ്. പക വീട്ടലും പ്രതികാരവും മാത്രം നടത്തിയാല്‍ ചെളിയില്‍ വടി കുത്തിയ അവസ്ഥയായിരിക്കും പാര്‍ട്ടിയുടേതെന്നും കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് രഘുവരന്‍ പറഞ്ഞു.

കെ ബാബുവിനെയാണോ പി കൃഷ്ണപിള്ള സാംസ്കാരിക വേദിയെയാണോ ഉദയംപേരൂരിലെ സിപിഎം തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നതെന്നും വിമതര്‍ ചോദിക്കുന്നു. പി. കൃഷ്ണപിള്ള സാംസ്കാരിക സമിതി ചാരിറ്റബിള്‍ സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം വ്യാപിക്കുകയാണ് വിമതരുടെ അടുത്ത ലക്ഷ്യം.

Similar Posts