Kerala
Kerala

ലോക കേരള സഭാ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Subin
|
26 May 2018 8:34 PM GMT

കേരള വികസനത്തില്‍ പ്രവാസികളെക്കൂടി ഉള്‍പ്പെടുന്നതിലേക്കുള്ള ഒരു സുപ്രധാന നടപടിയായാണ് ലോക കേരള സഭ വിഭാവന ചെയ്യുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികളുടെ പ്രതിനിധികള്‍ അംഗങ്ങളായ ലോക കേരള സഭാ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. എംഎല്‍എമാര്‍, എംപി മാര്‍, എന്നിവരെ കൂടാതെ പ്രവാസികളായ 177 പേര്‍കൂടിയുള്ളതാണ് ലോക കേരളാ സഭാ. ഈ മാസം 12,13 തീയതകളില്‍ നിയമസഭയിലാണ് സമ്മേളനം ചേരുന്നത്. കേരള വികസനത്തില്‍ പ്രവാസികളെക്കൂടി ഉള്‍പ്പെടുന്നതിലേക്കുള്ള ഒരു സുപ്രധാന നടപടിയായാണ് ലോക കേരള സഭ വിഭാവന ചെയ്യുന്നത്.

മുഖ്യമന്ത്രിയാണ് സഭയുടെ നേതാവ്. പ്രതിപക്ഷനേതാവ് ഉപനേതാവും ആകും. സ്പീക്കറുടെ നേതൃത്വത്തിലുള്ള 7 അംഗ പ്രസീഡിയം സഭാ നടപടികള്‍ നിയന്ത്രിക്കും. എല്ലാ എംഎല്‍എ മാരും ലോക്‌സഭാ രാജ്യസഭാ എംപിമാരും ലോക കേരളാ സഭയിലും അംഗങ്ങളാണ്. ഇത് കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസികളെ പ്രതിനിധീകരിച്ച 177 പേര്‍ സഭയില്‍ അംഗങ്ങളാകും. ഇതില്‍ 42 പേര്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായിരിക്കും.

ചീഫ് സെക്രട്ടറിയാണ് സഭയുടെ സെക്രട്ടറി ജനറല്‍. 12 ന് സഭാ പ്രഖ്യാപനവും മുഖ്യമന്ത്രിയുടെ കരട് നയരേഖാ അവതരണവും ഉണ്ടാകും. വിവിധ ഉപസമ്മേളനങ്ങളിലായി ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ സഭ വീണ്ടും സമ്മേളിച്ച് ചര്‍ച്ച ചെയ്ത് അംഗീകരിക്കും. ഗവര്‍ണര്‍ പങ്കെടുക്കുന്ന പൊതുസമ്മേളനവും കലാപരിപാടികളും സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടാകും. നിയമസഭയിലെ മെമ്പേഴ്‌സ് ലോഞ്ച് ലോക കേരളാ സഭക്കായി പ്രത്യേകമായി തയാറാക്കിയിട്ടുണ്ട്.

Similar Posts