വടയമ്പാടിയില്‍ പ്രതിഷേധിച്ചവര്‍ അറസ്റ്റില്‍
|ഇന്ത്യന്‍ എക്സ്പ്രസ് ഫോട്ടോഗ്രാഫര്‍ ജീവന്‍, സൌത്ത് ലൈവ് റിപ്പോര്‍ട്ടര്‍ അലക്സ് എന്നിവര്‍ക്ക് മര്‍ദനമേറ്റു. മീഡിയവണ്‍ വാര്‍ത്താസംഘത്തിനെതിരെ തെറിയഭിഷേകം നടന്നു. മാധ്യമപ്രവര്‍ത്തകരുടെ കാമറ..
വടയമ്പാടിയിലെ ജാതിമതിൽ വിരുദ്ധ സമരം കൂടുതൽ ശക്തമാകുന്നു. ദലിത് ആത്മാഭിമാന കൺവെൻഷനെത്തിയ സാംസ്കാരിക പ്രവർത്തകരടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വാർത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ സംഘടിച്ചെത്തിയ ആർഎസ്എസുകാർ കയ്യേറ്റം ചെയ്തു. ചില ഓൺലൈൻ മാധ്യമപ്രവർത്തകരെ തിരിച്ചറിയൽ രേഖ പരിശോധിക്കാനെന്ന പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വടയമ്പാടി ഭജനമഠം മൈതാനത്ത് നടത്താനിരുന്ന ദലിത് ആത്മാഭിമാന കൺവെൻഷന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. വടയമ്പാടിക്ക് തൊട്ടടുത്ത ചൂണ്ടിയിൽ വെച്ച് പൊലീസ് പ്രവർത്തകരെ തടഞ്ഞു. ഇതിനിടെ സംഘടിച്ചെത്തിയ ആർഎസ്എസുകാർ പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയായിരുന്നു. മുദ്രാവാക്യം വിളിച്ച ദലിത് ഭൂസംരക്ഷണ സമിതി പ്രവർത്തകരെ ആർഎസ്എസുകാർ കൂവിവിളിച്ചിട്ടും പൊലീസ് പ്രതികരിച്ചില്ല. പിന്നീട് ആത്മാഭിമാന കൺവെൻഷനെത്തിയവരെ മാത്രം പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.
ഇതിനിടെ സംഘപരിവാറുകാർ മാധ്യമ പ്രവർത്തകരേയും കയ്യേറ്റം ചെയ്തു. മാധ്യമപ്രവർത്തകർ പ്രതിഷേധിച്ചപ്പോൾ അക്രമികളെ ഒരു വശത്തേക്ക് മാറ്റി നിർത്തുക മാത്രമാണ് പൊലീസ് ചെയ്തത്. ചില ഓൺലൈൻ മാധ്യമപ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത സമര സമിതി പ്രവർത്തകർ പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിലും പ്രതിഷേധിച്ചു.