കൊടികുത്തലിനും നോക്കുകൂലിക്കുമെതിരെ മുഖ്യമന്ത്രി
|വ്യവസായ അന്തരീക്ഷത്തെ തകർക്കുന്ന പ്രവണത അംഗീകരിക്കാൻ കഴിയില്ല. ഇക്കാര്യത്തില്‍ തൊഴിലാളി സംഘടനകളുടെ യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി
കൊടികുത്തലിനും നോക്കുകൂലിക്കുമെതിരെ ശക്തമായ നിലപാടുമായി മുഖ്യമന്ത്രി പിണറായി വിജയന്. വ്യവസായ അന്തരീക്ഷത്തെ തകർക്കുന്ന പ്രവണത അംഗീകരിക്കാൻ കഴിയില്ല. ഇക്കാര്യത്തില്‍ തൊഴിലാളി സംഘടനകളുടെ യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. പ്രവാസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
പുനലൂരിലെ പ്രവാസി ആത്മഹത്യ സംബന്ധിച്ച അടിയന്തര പ്രമേയ നോട്ടീസാണ് കൊടികുത്തൽ പ്രവണതക്കെതിരായ ചർച്ചയിലേക്ക് നയിച്ചത്. പാർട്ടികളുടെ കൊടി പല സ്ഥലങ്ങളിലും കൊണ്ടുപോയി കുത്തുന്ന പ്രവണത കാണാറുണ്ടെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി തുടങ്ങിയത്. തൊഴിലാളി സംഘടനകളുടെ തെറ്റായ രീതികളെയും മുഖ്യമന്ത്രി വിമർശിച്ചു. നോക്കുകൂലി ഉൾപ്പെടെയുള്ള തെറ്റായ നടപടികളെ കുറിച്ച് ചർച്ച ചെയ്യാൻ തൊഴിലാളി സംഘടനകളുടെ യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.