Kerala
കീഴാറ്റൂരിലെ ബൈപ്പാസിനെതിരെ ശാസ്ത്രസാഹിത്യ പരിഷത്ത്കീഴാറ്റൂരിലെ ബൈപ്പാസിനെതിരെ ശാസ്ത്രസാഹിത്യ പരിഷത്ത്
Kerala

കീഴാറ്റൂരിലെ ബൈപ്പാസിനെതിരെ ശാസ്ത്രസാഹിത്യ പരിഷത്ത്

Khasida
|
26 May 2018 12:38 AM GMT

ബൈപ്പാസ് നിര്‍മ്മാണം കടുത്ത പരിസ്ഥിതി ആഘാതമുണ്ടാക്കുമെന്ന് പരിഷത്തിന്റെ പഠനറിപ്പോര്‍ട്ട്

കീഴാറ്റൂര്‍ മേഖലയിലൂടെ ബൈപ്പാസ് നിര്‍മിക്കുന്നത് കടുത്ത പരിസ്ഥിതി ആഘാതമുണ്ടാക്കുമെന്ന് ശാസ്ത്രസാഹിത്യപരിഷത്ത്. നിലവിലുളള ദേശീയപാത വികസിപ്പിക്കുകയും ഒപ്പം മേല്‍പ്പാലം നിര്‍മിക്കുകയും ചെയ്യണമെന്നും പരിഷത്ത് തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഏകപക്ഷീയമായ തീരുമാനങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാർ ശ്രമിക്കുന്നതെന്നും ശാസ്ത്രസാഹിത്യപരിഷത്ത്.

കീഴാറ്റൂര്‍ വഴി ബൈപ്പാസ് നിര്‍മ്മിക്കാനുളള സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ നിലപാടാണ് ശാസ്ത്രസാഹിത്യപരിഷത്ത് സ്വീകരിക്കുന്നത്. നിലവിലെ അലൈന്‍മെന്റ് നടപ്പിലായാല്‍ കുപ്പംപുഴയുടെ അഞ്ച് സൂഷ്മനീര്‍ത്തടങ്ങള്‍ പൂര്‍ണമായും നശിക്കുമെന്നും പ്രദേശത്തെ സ്വാഭാവിക നീര്‍ത്തടങ്ങള്‍ ഇല്ലാതാകുമെന്നും പരിഷത്ത് നടത്തിയ പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ബൈപ്പാസിനായി ഏറ്റെടുക്കുന്ന ആറ് കിലോമീറ്ററില്‍ നാല് കിലോമീറ്ററും താഴ്ന്ന പ്രദേശമാണ്. ഇവിടെ മൂന്നര മീറ്റര്‍ ഉയരത്തിലും 45 മീറ്റര്‍ വീതിയിലും മണ്ണിട്ട് നികത്താന്‍ ഏകദേശം 1,30,000 ലോഡ് മണ്ണ് ആവശ്യമായി വരും. ഇതോടെ പ്രദേശത്തെ കുന്നുകളും പൂര്‍ണമായി ഇല്ലാതാകും. ജലക്ഷാമം രൂക്ഷമാകുന്നതിനൊപ്പം പ്രദേശം റിയല്‍ എസ്റ്റേറ്റ് മാഫിയ കയ്യടക്കുക കൂടി ചെയ്യുന്നതോടെ ഇവിടുത്തെ ഗ്രാമാന്തരീക്ഷം നഷ്ടപ്പെടുമെന്നും പരിഷത്ത് പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലുളള ദേശീയപാത വികസിപ്പിക്കുയും മേല്‍പാലങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്യണമെന്ന ബദല്‍ നിര്‍ദേശവും റിപ്പോര്‍ട്ടിലുണ്ട്.

വിശദമായ പാരിസ്ഥിതിക പഠനം നടത്താതെയാണ് നിലവിലെ അലൈന്‍മെന്റ് നിശ്ചയിച്ചിരിക്കുന്നതെന്നും ഏകപക്ഷീയമായ തീരുമാനങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പരിഷത്ത് പഠന റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്.

Related Tags :
Similar Posts