Kerala
ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകുന്നു, രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സാമ്പത്തിക ബാധ്യതചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകുന്നു, രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സാമ്പത്തിക ബാധ്യത
Kerala

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകുന്നു, രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സാമ്പത്തിക ബാധ്യത

Subin
|
26 May 2018 7:29 PM GMT

എല്ലായിടത്തുമുള്ള സ്ഥാനാര്‍ത്ഥികളുടെയും നേതാക്കളുടെയും ഇടപെടലുകളും ബഹളവുമൊക്കെ നാട്ടുകാരെ അസ്വസ്ഥരാക്കുന്നുണ്ടെന്ന ഭയം ചില രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കുണ്ട്.

ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നീണ്ടു പോകുന്തോറും രാഷ്ട്രീയപ്പാര്‍ട്ടികളുടെ സാമ്പത്തിക ബാധ്യതയും വര്‍ദ്ധിക്കുകയാണ്. അതിനനുസരിച്ച് മണ്ഡലത്തില്‍ പിരിവും വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്ന അവസ്ഥയിലാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍. പിരിവ് വര്‍ദ്ധിക്കുന്നതും പ്രചാരണ ബഹളം അനിശ്ചിതമായി നീളുന്നതും ചെങ്ങന്നൂര്‍ മണ്ഡലത്തിലെ ജനങ്ങള്‍ക്കും ചെറിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനും മുന്‍പു തന്നെ പൂര്‍ണമായും തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങിയ ചെങ്ങന്നൂരില്‍ കവലകളിലെ പ്രചാരണ യോഗങ്ങളും കണ്‍വെന്‍ഷനുകളും മൈക്ക് അനൗണ്‍സ്‌മെന്റും എല്ലാം തകൃതിയായി നടക്കുകയാണ്. ഇനി ഇതൊക്കെ എത്ര ദിവസം ഇങ്ങനെ തുടരുമെന്ന് അറിയാത്ത അവസ്ഥയിലാണ് രാഷ്ട്രീയപ്പാര്‍ട്ടികളും നാട്ടുകാരും. എല്ലായിടത്തുമുള്ള സ്ഥാനാര്‍ത്ഥികളുടെയും നേതാക്കളുടെയും ഇടപെടലുകളും ബഹളവുമൊക്കെ നാട്ടുകാരെ അസ്വസ്ഥരാക്കുന്നുണ്ടെന്ന ഭയം ചില രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കുണ്ട്.

തെരഞ്ഞെടുപ്പ് നീണ്ടു പോകുന്നത് നല്ലതാണെന്ന് പറയുന്നവരുമുണ്ട്. പ്രചാരണ ദിവസങ്ങള്‍ വര്‍ധിക്കുന്തോറും പാര്‍ട്ടികളുടെ സാമ്പത്തിക ബാധ്യതയും വര്‍ദ്ധിക്കുന്നുണ്ട്. ആലപ്പുഴ ജില്ലയിലെ എല്ലാ ബ്രാഞ്ചുകളില്‍ നിന്നും 1000 രൂപ വീതം സമാഹരിച്ച സിപിഎം ഇനി മേഖലാതല പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനുള്ള ശ്രമത്തിലാണ്. യുഡിഎഫിന്റെ കൂപ്പണ്‍ പിരിവ് മണ്ഡലത്തിലെ 126 ബൂത്തുകളിലും തുടരുന്നു. എന്‍ഡിഎയും ബുത്തു തലത്തില്‍ കൂപ്പണ്‍ പിരിവ് തുടരുകയാണ്.

Similar Posts