രണ്ടാം വിളയിറക്കാനാവാതെ നെല്‍കര്‍ഷകര്‍ പ്രതിസന്ധിയില്‍
|സിവില്‍ സപ്ലൈസ് സംഭരിച്ച നെല്ലിന്റെ വിലയിനത്തില്‍ വന്‍തുക കുടിശ്ശികയായതാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നത്
രണ്ടാം വിളയിറക്കാനാവാതെ സംസ്ഥാനത്തെ നെല്‍കര്‍ഷകര്‍ പ്രതിസന്ധിയില്‍. കര്‍ഷകരില്‍ നിന്ന് സിവില്‍ സപ്ലൈസ് സംഭരിച്ച നെല്ലിന്റെ വിലയിനത്തില്‍ വന്‍തുക കുടിശ്ശികയായതാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നത്. 187 കോടിയിലധികം രൂപയാണ് ഈയിനത്തില്‍ കര്‍ഷകര്‍ക്ക് ഇനിയും ലഭിക്കാനുള്ളത്. പുതിയ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നാണ് കര്‍ഷക സംഘടനകളുടെ ആവശ്യം.
നെല്‍ കര്‍ഷകര്‍ക്ക് ഇനി നല്‍കാനുള്ള കുടിശ്ശിക തുകയെപ്പറ്റി സപ്ലൈകോ വെബ്സൈറ്റ് തന്നെ നല്കുന്ന കണക്കുകകള്‍ പ്രകാരം 187 കോടിയിലധികം രൂപയാണ് സംസ്ഥാനത്തെ വിവിധ ജില്ലകളിലെ നെല്‍ കര്‍ഷകര്‍ക്ക് ഇനിയും ലഭിക്കാനുള്ളത്. ആലപ്പുഴ, പാലക്കാട്, കോട്ടയം, തൃശ്ശൂര്‍ എന്നീ ജില്ലകളിലാണ് കുടിശ്ശിക തുകയുടെ സിംഹഭാഗവും കൊടുത്ത് തീര്‍ക്കാനുള്ളത്. ആലപ്പുഴ ജില്ലയില്‍ മാത്രം 71 കോടിയിലധികം രൂപ നല്‍കാനുണ്ട്. പാലക്കാട് ജില്ലയില്‍ 28 കോടിയും കോട്ടയം ജില്ലയില്‍ 21 കോടിയും നല്‍കാനുണ്ട്. മറ്റു ജില്ലകളിലും നെല്ലുല്പാദനത്തിന് ആനുപാതികമായി പരിശോധിക്കുമ്പോള്‍ വന്‍ തുക ഇനിയും കര്‍ഷകര്‍ക്ക് ലഭിക്കാനുണ്ട്.
നെല്ല് സംഭരണത്തിന് ശേഷം 5 ദിവസത്തിനകം പണം അക്കൌണ്ടില്‍ വരുമെന്ന് കര്‍ഷകര്‍ക്ക് മുന്‍കാലങ്ങളില്‍ പലതവണയായി ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും സാധാരണയായി ഇതെല്ലാം പാഴാകാറാണ് പതിവ്. ഇക്കുറിയും സ്ഥിതിക്ക് യാതൊരു മാറ്റവുമില്ല. നെല്ല് സംഭരിച്ച് 90 ദിവസം പിന്നിട്ടും കര്‍ഷകര്‍ കാത്തിരിപ്പ് തുടരുകയാണ്. ഇതോടെ രണ്ടാം വിളയിറക്കാനാവാതെ പല കര്‍ഷകരും ബുദ്ധിമുട്ടിലായി. എല്ലാം ശരിയാകുമെന്ന മുദ്രാവാക്യമുയര്‍ത്തി അധികാരത്തിലെത്തിയ പുതിയ സര്‍ക്കാരെങ്കിലും വിഷയത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്തുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.