കാസര്‍കോട് മലയോരമേഖലകളില്‍ പകര്‍ച്ചപ്പനി പടരുന്നു
|ജില്ലയില്‍ 32 പേര്‍ക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചു. മഴക്കാലപൂര്‍വ്വ ശുചീകരണം കാര്യക്ഷമമായില്ലെങ്കില്‍ സ്ഥിതി ഗുരുതരമാവും.
കാസര്‍കോട് ജില്ലയിലെ മലയോരമേഖലകളില്‍ പകര്‍ച്ചപ്പനി പടരുന്നു. ജില്ലയില്‍ 32 പേര്‍ക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചു. മഴക്കാലപൂര്‍വ്വ ശുചീകരണം കാര്യക്ഷമമായില്ലെങ്കില്‍ സ്ഥിതി ഗുരുതരമാവും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് നടപടി.
ഈ വര്‍ഷം ഇതുവരെ കാസര്‍കോട് ജില്ലയില്‍ 209 ഡങ്കിപ്പനി ലക്ഷണമുളള രോഗികളെ കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ 32 പേരുടെ രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് 14 രോഗികളിലാണ് ഡങ്കിപ്പനി സ്ഥിരീകരിച്ചിരുന്നത്.
കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ നടത്തിയ മഴക്കാലപൂര്‍വ്വ ശുചീകരണ യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറാണ് ജില്ലയില്‍ പകര്‍ച്ചപ്പനി പടരുന്നത് റിപ്പോര്‍ട്ട് ചെയ്തത്. ഡങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.
ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ 80 ഡോക്ടര്‍മാരുടെ കുറവുകളുണ്ട്. ഇത് നികത്തുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. എല്ലാ ആശുപത്രികളിലും ആവശ്യത്തിന് മരുന്നുണ്ടെന്ന് ഉറപ്പ് വരുത്തുമെന്നും മന്ത്രി അറിയിച്ചു.