നടപടിക്രമം വൈകുന്നു; പെണ്‍വാണിഭ റാക്കറ്റില്‍ അകപ്പെട്ട ബംഗ്ലാദേശി യുവതികള്‍ക്ക് നാട്ടിലേക്ക് മടങ്ങാനായില്ല
|പെണ്‍വാണിഭ റാക്കറ്റിന്റെ ഇരകളായി കോഴിക്കോട് എത്തിയ ബംഗ്ലാദേശി യുവതികള്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാനാവുന്നില്ല.
പെണ്‍വാണിഭ റാക്കറ്റിന്റെ ഇരകളായി കോഴിക്കോട് എത്തിയ ബംഗ്ലാദേശി യുവതികള്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാനാവുന്നില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നടപടിക്രമങ്ങള്‍ വൈകുന്നതാണ് കാരണം.
മൂന്ന് നിരപരാധികളായ ബംഗ്ലാദേശി കുട്ടികളാണ് കഴിഞ്ഞ എട്ട് വര്‍ഷമായി കോഴിക്കോട്ടെ മഹിളാ മന്ദിരത്തില്‍ കഴിയുന്നത്. ഇവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പുനര്‍ജനി ട്രസ്റ്റ് ഹൈക്കോടതിയെ സമീപിച്ചു. അന്താരാഷ്ട്ര സെക്സ് റാക്കറ്റിന്റെ ഇരകളാക്കപ്പെട്ടാണ് മൂന്ന് ബംഗ്ലാദേശി പെണ്‍കുട്ടികളും കേരളത്തിലെത്തുന്നത്. പൊന്നാനി, കല്‍പകംചേരി സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലെ ഇരകളാണ് ഇവര്‍. പൊന്നാനിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിസ്താരം പൂര്‍ത്തിയായതാണ്. ഒരു പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും പെണ്‍കുട്ടി ബംഗ്ലാദേശിലേക്ക് മടങ്ങുന്നത് കേസിനെ ബാധിക്കുമെന്നുമാണ് പൊലീസ് നല്‍കിയ റിപ്പോര്‍ട്ട്. രണ്ടാമത്തെ കേസിലും സമാനമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്
കേസിലെ ഏത് നിയമനടപടികള്‍ക്കും പെണ്‍കുട്ടികളെ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാക്കാമെന്ന് ബംഗ്ലാദേശ് ഹൈക്കമീഷന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലും ഒരു തെറ്റും ചെയ്യാത്ത മൂന്ന് പെണ്‍കുട്ടികള്‍ വീണ്ടും ഇരകളാക്കപ്പെടുകയാണെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നു. ബംഗ്ലാദേശ് ഹൈക്കമീഷന്‍ പെണ്‍കുട്ടികള്‍ക്കായി യാത്രാ പെര്‍മിറ്റ് അനുവദിച്ചിരുന്നെങ്കിലും ഇവിടെനിന്നുള്ള നടപടികള്‍ പൂര്‍ത്തിയാവാത്തതിനാല്‍ റദ്ദായി.
വിദേശ പൌരന്‍മാരുടെ രജിസ്ട്രേഷന്‍ ഓഫീസ് അനുകൂല തീരുമാനമെടുക്കാത്തതായിരുന്നു കാരണം. ഈ സാഹചര്യത്തിലാണ് പുനര്‍ജനി ട്രസ്റ്റിലെ അഡ്വ സ്വപ്ന പെണ്‍കുട്ടികളെ നാട്ടിലേക്ക് അയക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.