മലാപറമ്പ്: കോടതിയലക്ഷ്യ നടപടി അവസാനിപ്പിച്ചു
|സ്കൂള്‍ അടച്ചതായുള്ള എജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം
മലാപറമ്പ് സ്കൂളുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു. സ്കൂള്‍ പൂട്ടിയതായി അഡ്വക്കേറ്റ് ജനറല്‍ സി പി സുധാകരപ്രസാദ് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്. മങ്ങാട്ടുമുറി സ്കൂള്‍ പൂട്ടിയത് സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി ആവശ്യപ്പട്ടു.
സ്കൂള്‍ പൂട്ടണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാത്താത്തതിനെതിരായ കോടതിയലക്ഷ്യ കേസാണ് കോടതി പരിഗണിച്ചത്. സ്കൂള്‍ പൂട്ടിയതായി
അഡ്വക്കേറ്റ് ജനറല്‍ സി പി സുധാകരപ്രസാദ് അറിയിക്കുകയും സ്കൂളിന്റെ താക്കോല്‍ കൈമാറുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ മലാപറമ്പ് സ്കൂളുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കുന്നതായി കോടതി അറിയിച്ചു. മതിയായ നഷ്ടപരിഹാരം കിട്ടിയാല്‍ മാത്രമേ സ്കൂള്‍ കൈമാറാന്‍ തയ്യാറാവൂ എന്ന് മാനേജര്‍ പദ്മരാജന് പറഞ്ഞു.
മങ്ങാട്ടുമുറി സ്കൂളില്‍ ഇപ്പോഴും ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മാനേജ്മെന്റിന്റെ അഭിഭാഷകന് കോടതിയില്‍ ആരോപിച്ചു. ഹെഡ് മാസ്റ്ററുടെ മുറി മാത്രമാണ് പൂട്ടിയത്. ഇക്കാര്യത്തില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു.
ഹൈക്കോടതി നിര്‍ദേശ പ്രകാരം അടച്ചുപൂട്ടിയ കിരാലൂര്‍ പിഎം എല്‍പി സ്കൂളിലെ കുട്ടികളെ വേലൂര്‍ പഞ്ചായത്തിന്റെ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടത്തിലേക്ക് താല്‍ക്കാലികമായി മാറ്റി. കലക്ടറുടെ നിര്‍ദേശപ്രകാരം എ ഇ ഒ യുടെ സാന്നിധ്യത്തിലാണ് കുട്ടികളെ മാറ്റിയത്.