Kerala
പരാജയമായി മാറിയ പമ്പ ആക്ഷന്‍ പ്ലാന്‍പരാജയമായി മാറിയ പമ്പ ആക്ഷന്‍ പ്ലാന്‍
Kerala

പരാജയമായി മാറിയ പമ്പ ആക്ഷന്‍ പ്ലാന്‍

Jaisy
|
27 May 2018 7:21 AM GMT

ഗംഗ ആക്‌ഷൻ പ്ലാൻ മാതൃകയിൽ പമ്പയെ ശുചീകരിക്കാനുള്ള പുതിയ പദ്ധതിക്കായി പഠനം നടക്കുന്നുണ്ടെങ്കിലും അതും കടലാസിലാണ്

കേരളത്തിലെ മൂന്നാമത്തെ വലിയ നദിയായ പമ്പ ഇന്ന് മാലിന്യ വാഹിനിയാണ്. പമ്പയെ മാലിന്യമുക്‌തമാക്കാൻ കൊണ്ട് വന്ന പമ്പ ആക്ഷന്‍ പ്ലാന്‍ സമ്പൂര്‍ണ പരാജയമായി മാറി. ഗംഗ ആക്‌ഷൻ പ്ലാൻ മാതൃകയിൽ പമ്പയെ ശുചീകരിക്കാനുള്ള പുതിയ പദ്ധതിക്കായി പഠനം നടക്കുന്നുണ്ടെങ്കിലും അതും കടലാസിലാണ്.

മധ്യതിരുവിതാംകൂറിന്റെ ജീവനാഡിയായി ഒഴുകുന്ന നദിയാണ് പമ്പ. 280-ഓളം കൈവഴികൾ ചേർന്ന് രൂപം കൊള്ളുന്ന പമ്പാ നദിയില്‍ മലിനീകരണം അതിന്റെ എല്ലാ സീമകളും ലംഘിക്കുന്ന കാഴ്ചയാണ് കാണാനാവുക. പമ്പയുടെ കൈവഴികള്‍ പലതും നീരൊഴുക്ക് തടസപ്പെട്ട് ഇല്ലാതായിക്കഴിഞ്ഞു.

ശബരിമല തീര്‍ത്ഥാടന കാലത്ത് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്ക് പ്രകാരം,- നൂറ് മില്ലീലിറ്റര്‍ ജലത്തില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം അനുവദനീയ അളവിന്റെ പരിധികള്‍ തകര്‍ത്ത് ലക്ഷങ്ങളായാണ് ഉയരുന്നത്. ഇക്കാര്യത്തില്‍ ഇതുവരെയായും ശാശ്വത പരിഹാരം ഉണ്ടായിട്ടില്ല. പമ്പയുടെ പോഷകനദികളെല്ലാം നാശത്തിന്റെ വക്കിലാണ്. വേമ്പനാട്ട് കായലിന്റെ ജലസ്രോതസ്സ് പമ്പ മാത്രമാണ്. അതിനാല്‍ തന്നെ വേമ്പനാട്ട് കായലിന്റെ വൃഷ്ഠി പ്രദേശങ്ങളും മാലിന്യക്കൂമ്പാരമാവുകയാണ്. സെപ്ടിക് ടാങ്ക് മാലിന്യങ്ങൾ മുതല്‍ വിവിധ ചന്തകള്‍, ആശുപത്രികള്‍ എന്നിങ്ങനെ വിവിധ സ്രോതസുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ നിയന്ത്രണങ്ങളേതുമില്ലാതെയാണ് പമ്പയിലേക്ക് തുറന്ന് വെച്ചിരിക്കുന്നത്. പമ്പാ നദിയെ ആശ്രയിച്ച് 22 ശുദ്ധജലവിതരണ പദ്ധതികൾ ഉണ്ടെന്നു കൂടി അറിയുമ്പോഴാണ് അപകടത്തിന്റെ ആഴം വ്യക്തമാകുന്നത്.

Similar Posts