രോഗികള്‍ക്ക് വിനയായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജീവനക്കാര്‍ തമ്മിലുള്ള തര്‍ക്കം
|അവശ്യ മരുന്നുകള്‍ക്കും ലബോറട്ടറി ആവശ്യങ്ങള്‍ക്കും പുറത്ത് പോകേണ്ട അവസ്ഥ
കെടുകാര്യസ്ഥത കൊണ്ട് രോഗികളെ പൊറുതി മുട്ടിക്കുകയാണ് എറണാകുളം ജനറല്‍ ആശുപത്രി. 24 മണിക്കൂര്‍ പ്രവര്‍ത്തിച്ചിരുന്ന ലബോറട്ടറിയുടെ സമയം വെട്ടി ചുരുക്കി. ധന്വന്തരി, കരുണ മെഡിക്കല്‍ സ്റ്റാളുകളില്‍ മരുന്നുകള്‍ ലഭ്യമല്ലാതായി. ഡോക്ടര്‍മ്മാരും ആശുപത്രി ജീവനക്കാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ തീര്‍ത്ത് ബാക്കി സമയം മാത്രമാണ് രോഗികളെ പരിഗണിക്കുന്നതെന്ന ആക്ഷേപമുണ്ട്.
നന്നായി പ്രവര്‍ത്തിച്ച് കൊണ്ടിരുന്ന ലബോറട്ടറിക്ക് മുന്നിലെ തിക്കും തിരക്കുമാണിത്. അത്യാസന്ന നിലയില്‍ കഴിയുന്ന രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് ഇവര്‍ കനിഞ്ഞ് രക്ത പരിശോധന ഫലം നല്‍കിയെങ്കില്‍ മാത്രമെ ഡോക്ടറെ കാണാനൊക്കു.
കഴിഞ്ഞ ദിവസം ഡോക്ടറും ലബോറട്ടറി ജീവനക്കാരും തമ്മിലുള്ള കയ്യാങ്കളി കൊണ്ടുണ്ടായ പുതിയ പരിഷ്കാരത്തിന്റെ ദോഷം രോഗികള്‍ക്ക് തന്നെ. 24 മണിക്കൂര്‍ പ്രവര്‍ത്തനമെന്നത് രാവിലെ 7.30 മുതല്‍ വൈകീട്ട് 5 വരെയാക്കി.
എക്സറെയെടുക്കാന്‍ ചെന്നാലും സ്ഥിതി ഇത് തന്നെ. മിക്കപ്പോഴും വൈദ്യുതി കാണില്ല. അപ്പോള്‍ പിന്നെ സ്വകാര്യ ലാബിനെ ആശ്രയിക്കാതെന്ത് ചെയ്യും.
ഐ സി യു യൂണിറ്റിന്റെ കാര്യത്തിലും മെഡിക്കല്‍ സ്റ്റാളിന്റെ കാര്യത്തിലും അലംഭാവത്തിന് കുറവില്ല. കുറച്ച് കാലങ്ങള്‍ക്ക് മുമ്പ് സ്വകാര്യ ആശുപത്രികളെക്കാള്‍ മികച്ച സൌകര്യമൊരുക്കി രോഗികള്‍ക്ക് താങ്ങായ പൊതു ആരോഗ്യ കേന്ദ്രമാണ് തകര്‍ന്ന് കൊണ്ടിരിക്കുന്നത്.