ആഘോഷങ്ങൾ വരും പോകും, ആഘോഷിക്കാൻ നമ്മളില്ലാതെയാകരുത്; പൊലീസുകാരന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു
|291 ഷെയറുകളും അതിനോടടുത്ത് ലൈക്കുകളും ഈ പോസ്റ്റിന് ലഭിച്ചു കഴിഞ്ഞു
ഒരു നിമിഷത്തെ അശ്രദ്ധ, അല്ലെങ്കില്‍ ഫോണ്‍ കോള്‍...അനുദിനം വാഹനങ്ങള്‍ ചീറിപ്പായുന്ന റോഡില്‍ അതുണ്ടാക്കുന്ന അപകടം വലുതാണ്. ഒരു ജീവന്‍ തന്നെ അല്ലെങ്കില്‍ പലരുടെ ജീവിതങ്ങള്‍ തന്നെ അതില്‍ നഷ്ടപ്പെട്ടേക്കാം. പ്രിയപ്പെട്ടവരുടെ വിയോഗത്തില്‍ ജീവിതകാലം മുഴുവന്‍ ദുംഖിക്കാന്‍ വിധിക്കപ്പെട്ട കുടുംബാംഗങ്ങളും. അതുപോലെ തന്നെയാണ് ആഘോഷങ്ങളും ...ആഘോഷങ്ങളുടെ ആവേശം കൂട്ടാന്‍ മദ്യം കേരളീയ സമൂഹത്തില്‍ വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല..മദ്യപിച്ച് കൊണ്ട് വാഹനത്തില്‍ കസര്‍ത്ത് കാട്ടുന്നവര്‍ അറിയുന്നില്ല എത്ര വലിയ ദുരന്തമാണ് അവര്‍ ക്ഷണിച്ചുവരുത്തുന്നത്. അപകടവും മരണവും നിരന്തരം കണ്‍മുന്നില്‍ കാണുന്ന ഒരു പൊലീസുകാരന്‍ അതിനെക്കുറിച്ച് നമ്മെ ഓര്‍മ്മപ്പെടുത്തുകയാണ് ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ. ആലപ്പുഴ സ്വദേശിയായ എം.കെ വിനിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. ആഘോഷങ്ങൾ വരും പോകും. ആഘോഷിക്കാൻ നമ്മളില്ലാതെ നമ്മളെ ആശ്രയിച്ചു കഴിയുന്ന കടുംബങ്ങൾ എങ്ങനെ ആഘേഷിക്കും. കുഞ്ഞ് ജനിക്കുമ്പോൾ അവനൊ അവൾക്കൊ അച്ഛൻ ഇല്ലാത്ത അവസ്ഥ ഉണ്ടാകരുത് വിനില്‍ തന്റെ പോസ്റ്റില്‍ പറയുന്നു. 291 ഷെയറുകളും അതിനോടടുത്ത് ലൈക്കുകളും ഈ പോസ്റ്റിന് ലഭിച്ചു കഴിഞ്ഞു.
വിനിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
എത്രയും സ്നേഹം നിറഞ്ഞ എന്റെ സൃഹുത്തുക്കൾക്ക് ,ഇപ്പോൾ ഞാൻ വണ്ടാനം MCH Police Aidpost ൽ ആണ് ജോലി ചെയ്യുന്നത് കഴിഞ്ഞ ഒരാഴ്ചത്തെ എന്റെ അനുഭവമാണ് ഇങ്ങനെ എഴുതാൻ എന്നെ പ്രേരിപ്പിച്ചത്. ഈ ഒരാഴ്ചക്കുള്ളിൽ നമ്മുടെ ഇടയിൽ നിന്നും ഏകദേശം 10 ഓളം സഹോദരന്മാർ നമ്മെ വിട്ടു ഈ ലോകത്തിൽ നിന്നും എല്ലാ സ്വപ്നങ്ങളും ബാക്കിവെച്ച് അവർ പറന്നകന്നു. ഏഴോളം പേർക്ക് ഗുരുതരമായ പരിക്കു പറ്റി വിവിധ ആശുപത്രികളിൽ ചികിത്സയിലുമാണ്. ദുഖകരമായ ഒരു സത്യം ഇവർ എല്ലാവരും തന്നെ 30 വയസ്സിൽ താഴെ മാത്രം പ്രായമുള്ളവരാണ്, പലരുടേയും ചേതനയറ്റ ശരീരം Casuality എത്തുമ്പേൾ ആദ്യം കാണുന്ന നമ്മുടെ അവസ്ഥ വിവരാണതീതമാണ്. ഇതിൽ പലരുടേയും മുഖം പരിചിതമാണ് തുടർന്ന് ഇവരുടെ വേണ്ടപ്പെട്ടവരെ വിവരം ധരിപ്പിക്കുക എന്നുള്ളത് വളരെ ദുഃഖകരമായ ദൗത്യം ആണ് കാരണം പലരുടേയും വീടിന്റെ അത്താണികൾ ആയിരിക്കും ഇവർ. പലപ്പോഴും ഫോൺ എടുക്കുക അമ്മയോ ,ഭാര്യയോ ,സഹോദരിയോ ആയിരിക്കും ചിലർക്ക് അച്ഛൻ ഇല്ലാത്തവരോ സ്ഥലത്ത് ഇല്ലാത്തവരൊ ആയിരിക്കും ഒരു വിധത്തിൽ കാര്യങ്ങൾ ധരിപ്പിച്ച് അവർ എത്തുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സംഭവങ്ങൾ ആയിരിക്കും അരങ്ങേറുന്നത്.
ഇവർ എല്ലാവരും തന്നെ രാത്രി 11 മണിക്കു ശേഷമുള്ള ടൂ വീലർ അപകടങ്ങളിൽ മരണപ്പെട്ടിട്ടുള്ളതാണ്. പ്രിയ സുഹൃത്തക്കളെ രാത്രി 10 മണിക്കു ശേഷമുള്ള ടൂ വീലർ സവാരി പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക. ഹൈവേയിലൂടെ യാത്ര ചെയ്യുമ്പോൾ ' മിക്ക സമയങ്ങളിലും 15 നും 18 നും ഇടയിൽ ഉള്ള കുട്ടികൾ Dio,Ray, Activa, മുതലായ ഗിയർലെസ്സ് വാഹനങ്ങളിൽ Tripple വെച്ച് 60 km മുകളിൽ പായുന്നതു കാണുമ്പോൾ ശരിക്കും പേടിച്ച് നമ്മൾ സൈഡിലേക്ക് ഒതുക്കി പോകും,,,ഇവർ മതാപിതാക്കളുടെ അനുവാദം ഇല്ലാതെ വാഹനം എടുത്തു പോകുന്നവരാണ്. കുട്ടികൾ 8 മണിക്കു ശേഷം വീട്ടിൽ വന്നില്ലങ്കിൽ അവരെ അന്വഷിക്കണം . ടൂ വീലർ ഓടിക്കുമ്പോൾ Helmet ഉപയോഗിക്കണം. 50 km മുകളിൽ ഓടിക്കാതിരിക്കാൻ ശ്രമിക്കണം.
ആഘോഷങ്ങൾ വരും പോകും. ആഘോഷിക്കാൻ നമ്മളില്ലാതെ നമ്മളെ ആശ്രയിച്ചു കഴിയുന്ന കടുംബങ്ങൾ എങ്ങനെ ആഘേഷിക്കും. കുഞ്ഞ് ജനിക്കുമ്പോൾ അവനൊ അവൾക്കൊ അച്ഛൻ ഇല്ലാത്ത അവസ്ഥ ഉണ്ടാകരുത്. അതുകൊണ്ട് ദയവുചെയ്ത് മദ്യപിച്ച് വാഹനമോടിക്കരുത്..പ്ലീസ്...