മണിയുടെ മരണം: കസ്റ്റഡിയിലെടുത്തവരെ കോടതിയില്‍ ഹാജരാക്കാത്തത് വിവാദത്തില്‍
|കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്നുപേരെ ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയോ കോടതിയില്‍ ഹാജരാക്കുകയോ ചെയ്യാത്തതിനെതിരെ ബന്ധുക്കള്‍ രംഗത്ത്.
കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്നുപേരെ ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയോ കോടതിയില്‍ ഹാജരാക്കുകയോ ചെയ്യാത്തതിനെതിരെ ബന്ധുക്കള്‍ രംഗത്ത്. മണിയുടെ സഹായി അരുണ്‍, അകന്ന ബന്ധു വിപിന്‍ , ജോലിക്കാരന്‍ മുരുകന്‍ എന്നിവരെയാണ് കഴിഞ്ഞ ആറ് ദിവസമായി ചോദ്യം ചെയ്യുന്നത്.
കലാഭവന്‍ മണിയുടെ സഹോദരന്‍ രാമകൃഷ്ണന്റെ പരാതിയെ തുടര്‍ന്നാണ് അടുത്ത സഹായികളും സൃഹൃത്തുക്കളുമായിരുന്ന അരുണ്‍, വിപിന്‍, മുരുകന്‍ എന്നിവരെ പൊലീസ് ചോദ്യം ചെയ്യാന്‍ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. എന്നാല്‍ കഴിഞ്ഞ ആറ് ദിവസമായി ഇവര്‍ എവിടെയാണെന്ന് യാതൊരു വിവരവുമില്ല. ഇവരെ കസ്റ്റഡിയിലെടുത്തെന്ന് വീട്ടുകാരെ അറിയിക്കാനോ, അറസ്റ്റ് രേഖപ്പെടുത്താനോ പൊലീസ് തയ്യാറായിട്ടില്ല. മരണവുമായി ബന്ധമില്ലെങ്കില്‍ ചോദ്യം ചെയ്ത ശേഷം വിട്ടയക്കേണ്ടതാണ്. എന്നാല്‍ ഇവരാരും തന്നെ വീട്ടിലെത്തിയിട്ടില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു. ചോദ്യം ചെയ്യല്‍ തുടരുന്നു എന്നാണ് പൊലീസ് അനൌദ്യോഗികമായി നല്‍കുന്ന വിവരം. ഇതിനിടയില്‍ ഒരു തവണ അരുണ്‍ പൊലീസുകാരുമായി വീട്ടിലെത്തി ചില രേഖകളെടുത്ത് പോയെന്ന് പിതാവ് പറഞ്ഞു. നിയമപരമായി നീങ്ങാനുള്ള അറിവ് തങ്ങള്‍ക്കില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്.
ആരോപണം ഉന്നയിക്കുന്ന രാമകൃഷ്ണന്‍ ഇവരെ കണ്ടിട്ടുണ്ടോ എന്ന് സംശയമാണെന്നും വീട്ടുകാര്‍ പറയുന്നു. കസ്റ്റഡിയില്‍ ഉള്ളവരെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ പൊലീസ് ബാധ്യസ്ഥരാണെന്നാണ് നിയമവിദഗ്ധരുടെ പക്ഷം.