വയനാട് വരണ്ടുണങ്ങുന്നു: അതിര്‍ത്തി ഗ്രാമങ്ങള്‍ കടുത്ത കുടിവെള്ള ക്ഷാമത്തിലേക്ക്
|ഒരു കാലത്ത് ഹരിതാഭമായിരുന്ന വയനാട്ടില്‍ നിന്ന് വരള്‍ച്ചയുടെ പേരില്‍ ജനങ്ങള്‍ പലായത്തിനൊരുങ്ങേണ്ട അവസ്ഥ സംജാതമായിരിക്കുകയാണ്.
കാലാവസ്ഥ വ്യതിയാനം വയനാടിനെ മരുഭൂമിയാക്കി മാറ്റുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍. മഴക്കുറവും പ്രകൃതിയുടെ ലക്ഷണങ്ങളും അതാണ് സൂചിപ്പിക്കുന്നത്. ഒരു കാലത്ത് ഹരിതാഭമായിരുന്ന വയനാട്ടില്‍ നിന്ന് വരള്‍ച്ചയുടെ പേരില്‍ ജനങ്ങള്‍ പലായത്തിനൊരുങ്ങേണ്ട അവസ്ഥ സംജാതമായിരിക്കുകയാണ്.
വയനാടിന്റെ അതിര്‍ത്തി ഗ്രാമങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുകയാണ്. മിക്കയിടത്തും ഹെക്ടര്‍ കണക്കിന് കൃഷി കരിഞ്ഞുണങ്ങി. വരും മാസങ്ങളില്‍ വേനല്‍ കനക്കുകയാണെങ്കില്‍ നാട് വിട്ട് പോകേണ്ട അവസ്ഥയിലേക്ക് അതിര്‍ത്തി ഗ്രാമങ്ങള്‍ മാറും. അത്രത്തോളം ദുരന്താവസ്ഥയിലാണ് വയനാടെന്ന് ജില്ലയിലൂടെ യാത്ര ചെയ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍ പറയുന്നു.
അനധികൃത നിര്‍മ്മാണത്തിന് സര്‍ക്കാര്‍ ഒത്താശ ചെയ്ത് കൊടുക്കുന്നതും പ്രകൃതി ചൂഷണവുമാണ് വരള്‍ച്ചക്കുള്ള പ്രധാന കാരണങ്ങള്‍. ഒപ്പം കാലാവസ്ഥയില്‍ ആഗോള തലത്തിലുണ്ടാകുന്ന മാറ്റവും വയനാടിനെ സാരമായി ബാധിച്ചു. വരള്‍ച്ചയെ തടയാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആവശ്യം. അല്ലെങ്കില്‍ മരുഭൂമിക്ക് സമാനമായി ഒരു ഭൂപ്രദേശം മാറുന്നതിന് കേരളം സാക്ഷിയാകേണ്ടി വരും.