Kerala
സീറ്റ് വിഭജനം കീറാമുട്ടി; യുഡിഎഫിന് തലവേദനയൊഴിയുന്നില്ലസീറ്റ് വിഭജനം കീറാമുട്ടി; യുഡിഎഫിന് തലവേദനയൊഴിയുന്നില്ല
Kerala

സീറ്റ് വിഭജനം കീറാമുട്ടി; യുഡിഎഫിന് തലവേദനയൊഴിയുന്നില്ല

admin
|
27 May 2018 11:13 PM GMT

ഘടകകക്ഷികളുമായുള്ള സീറ്റു വിഭജനം യുഡിഎഫില്‍ കീറാമുട്ടിയായി തുടരുന്നു.

ഘടകകക്ഷികളുമായുള്ള സീറ്റു വിഭജനം യുഡിഎഫില്‍ കീറാമുട്ടിയായി തുടരുന്നു. മുസ്‍ലിം ലീഗ്, കേരള കോണ്‍ഗ്രസ് എം, ജെഡിയുമായി ഫോണ്‍ മുഖേനയുള്ള ചര്‍ച്ച ഫലം കണ്ടില്ല. ചടയമംഗലം നല്‍കാമെന്ന നിലപാട് മുസ്‍ലിം ലീഗും പുനലൂര്‍ നല്‍കാമെന്ന കോണ്‍ഗ്രസ് നിര്‍ദേശം ജെഡിയുവും തള്ളി. അധിക സീറ്റ് വേണമെന്നും പൂഞ്ഞാര്‍ വിട്ടുനല്‍കാനാവില്ലെന്ന നിലപാടില്‍ കേരള കോണ്‍ഗ്രസും എമ്മും ഉറച്ചുനില്‍ക്കുന്നു. ആറ്റിങ്ങലും അരൂരും ആര്‍എസ്‍പിക്ക് നല്‍കാന്‍ ധാരണയായി.

മറ്റു കക്ഷികളുമായുള്ള സീറ്റു ധാരണയിലെത്തിയാല്‍ മാത്രമേ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കാന്‍ കഴിയൂ. ഈ സാഹചര്യത്തിലാണ് ഡല്‍ഹിയുള്ള മുഖ്യമന്ത്രി ഘടകകക്ഷി നേതാക്കളുമായി ഫോണില്‍ ചര്‍ച്ച നടത്തിയത്. മത്സരസാധ്യതയുള്ള സീറ്റ് ആവശ്യപ്പെടുന്ന ജെഡിയുവിനോട് പുനലൂര്‍ നല്‍കാമെന്ന് മുഖ്യമന്ത്രി പറ‍ഞ്ഞു. പകരം നേമം കോണ്‍ഗ്രസ് ഏറ്റെടുക്കും. എന്നാല്‍ ഈ നിര്‍ദേശം ജെഡിയു തള്ളി. കോവളം നല്‍കിയാല്‍ മാത്രമേ നേമം വിട്ടുനല്‍കൂ. മത്സരസാധ്യതയുള്ള സീറ്റെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായും ജെഡിയു കോണ്‍ഗ്രസിനെ അറിയിച്ചു.

ഇരവിപുരത്തിന് പകരം ചടയമംഗലം നല്‍കാമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തെ മുസ്‍ലിം ലീഗും അംഗീകരിച്ചില്ല. കുന്ദമംഗലം, ഒറ്റപ്പാലം സീറ്റുകള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ ലീഗുമായുള്ള ചര്‍ച്ച നടക്കുന്നത്. സിപിഎമ്മിന്റെ എം ഹംസ മാറിയ സാഹചര്യം പ്രയോജനപ്പെടുത്താന്‍ കഴിയുമോ എന്ന ആലോചനയാണ് ഒറ്റപ്പാലം പരിഗണനയില്‍ വരാന്‍ കാരണം. അധിക സീറ്റെന്ന അവകാശവാദത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് കേരള കോണ്‍ഗ്രസ് എം നല്‍കിയ മറുപടി. പൂഞ്ഞാര്‍ സീറ്റ് വിട്ടു നല്‍കാനാവില്ലെന്നും അവര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. ആര്‍എസ്‍പി യുമായാണ് സീറ്റു ചര്‍ച്ചയില്‍ ധാരണയിലെത്തിയത്. തിരുവനന്തപുരത്ത് അരുവിക്കരക്ക് പകരം ആറ്റിങ്ങല്‍ നല്‍കാനും അഞ്ചാമത്തെ സീറ്റായി അരൂര്‍ നല്‍കാനുമാണ് ധാരണ. ആറു സീറ്റുവേണമെന്ന നിലപാടില്‍ നിന്ന് ആര്‍എസ്‍പി യും പിന്നോക്കം പോയി. ഘടകകക്ഷികളുമായി ഇന്ന് വീണ്ടും ചര്‍ച്ച നടക്കാന്‍ സാധ്യതയുണ്ട്.

Similar Posts