Kerala
താനൂര്‍ സംഘര്‍ഷം:  പൊലീസ് വീടുകളില്‍ അതിക്രമിച്ച് കയറിയത് വനിതാപൊലീസില്ലാതെതാനൂര്‍ സംഘര്‍ഷം: പൊലീസ് വീടുകളില്‍ അതിക്രമിച്ച് കയറിയത് വനിതാപൊലീസില്ലാതെ
Kerala

താനൂര്‍ സംഘര്‍ഷം: പൊലീസ് വീടുകളില്‍ അതിക്രമിച്ച് കയറിയത് വനിതാപൊലീസില്ലാതെ

Sithara
|
27 May 2018 12:07 PM GMT

താനൂരിലെ ലീഗ് - സിപിഎം സംഘര്‍ഷത്തില്‍ അക്രമികളെ കിട്ടാതെ വന്നപ്പോള്‍ വീടുകള്‍ അടിച്ചു തകര്‍ത്ത പൊലീസ് സംഘം സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതായും ആക്ഷേപം

താനൂരില്‍ സിപിഎം - ലീഗ് സംഘര്‍ഷം നടന്ന ദിവസം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ പൊലീസ് നടത്തിയത് വലിയ അതിക്രമങ്ങളാണ്. വനിതാ പൊലീസ് പോലുമില്ലാതെയാണ് സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ രാത്രി പൊലീസ് കയറിനിരങ്ങിയതെന്ന് സ്ത്രീകള്‍ പറയുന്നു.

സിപിഎം - ലീഗ് സംഘര്‍ഷം നടക്കുമ്പോള്‍ വീടിനുള്ളില്‍ ഭയന്നിരുന്ന സ്ത്രീകള്‍ക്കു നേരെയാണ് പൊലീസ് അതിക്രമം നടത്തിയത്. ഗെയിറ്റും വാതിലുകളും മാരക ആയുധങ്ങളുപയോഗിച്ച് കുത്തിത്തുറന്ന് പൊലീസ് വീടുകള്‍ക്കുള്ളില്‍ കടന്നു. ഒരൊറ്റ വനിതാ പൊലീസ് പോലുമില്ലാതെയാണ് വീടുകളില്‍ അതിക്രമം നടന്നത്. അതിന്റെ ഞെട്ടല്‍ ഇവിടത്തെ കുടുംബങ്ങള്‍ക്ക് ഇപ്പോഴും മാറിയിട്ടില്ല. ആസൂത്രിതമായിരുന്നു പൊലീസിന്റെ അതിക്രമമെന്നും ആരോപണമുണ്ട്. സിസിടിവിയുള്ള വീടുകളെ പൊലീസ് ഒഴിവാക്കിയത് ഇതിന്റെ ഭാഗമാണെന്നും സംശയിക്കുന്നു.

സ്ത്രീകള്‍ക്ക് നേരെ പൊലീസിന്റെ അസഭ്യവര്‍ഷം

താനൂരിലെ ലീഗ് - സിപിഎം സംഘര്‍ഷത്തില്‍ അക്രമികളെ കിട്ടാതെ വന്നപ്പോള്‍ വീടുകള്‍ അടിച്ചു തകര്‍ത്ത പൊലീസ് സംഘം സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതായും ആക്ഷേപം. രോഗികളെ വരെ പേടിപ്പിച്ചാണ് പോലീസ് താനൂരില്‍ ഭീകരാവസ്ഥ സൃഷ്ടിച്ചത്.

ഞായറാഴ്ച രാത്രിയിലെ സംഭവങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഇവര്‍ക്ക് ഇപ്പോഴും ഭീതിയാണ്. തങ്ങളെ സംരക്ഷിക്കേണ്ടവര്‍ വിതച്ച ഭീകരത വിശദീകരിക്കുമ്പോള്‍ പലരുടേയും വാക്കുകളില്‍ നിസ്സഹായത തെളിയുന്നു. പുരുഷന്‍മാരെ പിടികൂടാന്‍ കഴിയാത്തതിന്റെ അരിശം സ്ത്രീകളോട് അസഭ്യം പറഞ്ഞ് പോലീസ് സംഘം തീര്‍ത്തുവെന്നാണ് പരാതി. പ്രായം ചെന്ന സ്ത്രീകള്‍ മാത്രമുള്ളിടത്തും പോലീസ് ഭീകരാന്തരീഷം സൃഷ്ടിച്ചതായാണ് ആക്ഷേപം. പൊലീസ് രാഷ്ട്രീയ ഗുണ്ടകളെ പോലെ പെരുമാറിയതായി ലീഗും ആരോപിക്കുന്നു.

പൊലീസ് ക്രൂരതയെ കുറിച്ച് ആമിന ഉമ്മ

താനൂരില്‍ പൊലീസ് തീര്‍ത്ത ഭീകരത മനസ്സിലാവണമെങ്കില്‍ ആമിന ഉമ്മയുടെ വീടും വീട്ട്മുറ്റവും കണ്ടാല്‍ മതി. രണ്ട് ഓട്ടോ, രണ്ട് ബൈക്ക്, ഒരു ആപ്പേ ഓട്ടോറിക്ഷ എന്നിവയാണ് ഈ മുറ്റത്ത് തകര്‍ത്തിരിക്കുന്നത്.

രാഷ്ട്രീയ സംഘര്‍ഷം ഉണ്ടാവുമ്പോള്‍ ഡ്യൂട്ടിക്ക് നിയോഗിക്കുന്ന പോലീസുകാര്‍ക്ക് വെള്ളവും ഭക്ഷണവും നല്‍കിയിരുന്നു ആമിന ഉമ്മ. പക്ഷേ ഒറ്റ രാത്രി കൊണ്ട് ആമിന ഉമ്മയും പൊലീസിന് ശത്രുവായി. തന്റെ വീട്ടിലേയും അയല്‍ വീടുകളിലേതുമായി വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന അഞ്ച് വാഹനങ്ങളാണ് പോലീസുകാര്‍ തകര്‍ത്തത്.

ഒരേ വളപ്പിലുള്ള ആമിന ഉമ്മയുടേയും മകന്റെയും വീടും പോലീസുകാര്‍ ആക്രമിച്ചു. ഇതും പോരാത്തതിന് ഗ്യാസ് സിലണ്ടറും രണ്ട് പായയും എടുത്ത് കൊണ്ട് പോയതായും ആമിന ഉമ്മ പരിതപ്പിക്കുന്നു.

Related Tags :
Similar Posts