കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി പട്ടികയായി
|ചങ്ങനാശേരിയില്‍ സി എഫ് തോമസ്, ഏറ്റമാനൂരില്‍ തോമസ് ചാഴിക്കാടന്. തിരുവല്ലയില്‍ ജോസഫ് എം പുതുശ്ശേരി എന്നിവരാണ് ...
കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. വലിയ തര്‍ക്കങ്ങള്‍ക്കൊടുവില്‍ ചങ്ങനാശേരിയില്‍ സി എഫ് തോമസും പൂഞ്ഞാറില്‍ ജോര്‍ജ് കുട്ടി അഗസ്തിയും, തിരുവല്ലയില്‍ ജോസഫ് എം പുതുശേരിയും മത്സരിക്കും. സിറ്റിംഗ് എംഎല്‍എമാര്‍ എല്ലാവരും സ്ഥാനാര്‍ഥി പട്ടികയിലുണ്ട്.
ഉച്ചയോടെ തയ്യാറായ കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി പട്ടികയില്‍ ചങ്ങനാശേരി സീറ്റിനെച്ചൊല്ലിയാണ് തര്‍ക്കം നീണ്ടത്. യൂത്ത് ഫ്രണ്ട് എം മുന്‍ സംസ്ഥാന പ്രസിഡന്റ് ജോബ് മൈക്കിള്‍ സീറ്റിനായി അവകാശവാദം ഉന്നയിച്ച് കെ എം മാണിയെ കാണാന്‍ സംസ്ഥാന കമ്മിറ്റിയോഫീസില് തങ്ങി. ഇതോടെ അവസാന സമവായം എന്ന നിലയില്‍ രാത്രിയോടെ സി എഫ് തോമസിനെ കെഎം മാണി വിളിപ്പിച്ചു. എന്നാല്‍ സമവായത്തിന് സിഎഫ് തോമസ് തയ്യാറായില്ല. പാര്‍ട്ടി സ്ഥാനാര്‍ഥിത്വം സി എഫ് തോമസിനു തന്നെ.
യൂത്ത് ഫ്രണ്ട് എം മുന്‍ ജില്ലാ പ്രസിഡന്റ് ജോര്‍ജ് കുട്ടി ആഗസ്തിയെയാണ് തീപാറും മത്സരം നടക്കുന്ന പൂഞ്ഞാറില്‍ പി സി ജോര്‍ജിനെയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി സി ജോസഫിനെയും നേരിടാന്‍ കെ എം മാണി രംഗത്തിറക്കിയത്.
ഏറ്റുമാനൂരില്‍ തോമസ് ചാഴികാടനും, തിരുവല്ലയില്‍ ജോസഫ് എം പുതുശേരിയും സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം ഉറപ്പിച്ചു. കുട്ടനാട്ടില്‍ ജോസഫ് ഗ്രൂപ്പ് നേതാവ് പുതുമുഖം അഡ്വ. ജേക്കബ് എബ്രഹാം സ്ഥാനാര്‍ഥിയാകും. പാലായില്‍ കെ എം മാണിയും തൊടുപുഴയില്‍ പി ജെ ജോസഫും, കോതമംഗലത്ത് ടി യു കുരുവിളയും, കടുത്തുരുത്തിയില്‍ മോന്‍സി ജോസഫും ഇടുക്കിയില്‍ റോഷി അഗസ്റ്റിനും, ഇരിങ്ങാലക്കുടയില്‍ തോമസ് ഉണ്ണിയാടനും വീണ്ടും മത്സരത്തിനിറങ്ങുന്നു. പേരാബ്രയില്‍ മുഹമ്മദ് ഇഖ്ബാല്‍, ആലത്തൂര്‍ കെ കുശലകുമാറും തളിപ്പറമ്പില്‍ പുതുമുഖം കണ്ണുരിലെ യൂത്ത് ഫ്രണ്ട് എം മുന്‍ ഭാരവാഹി രാജേഷ് നമ്പ്യാരും രണ്ടില ചിഹ്നത്തില്‍ മത്സരത്തിന് ഇറങ്ങും.