ബിജെപിയുടെ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തത് വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ ഖമറുന്നിസ അന്‍വര്‍
|ബിജെപി രാജ്യത്ത് വളര്‍ന്നു കൊണ്ടിരിക്കുന്ന പാര്‍ട്ടിയാണെന്ന് ഖമറുന്നിസ അന്‍വര്‍
വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ ഖമറുന്നിസ അന്‍വര്‍ ബിജെപി സംസ്ഥാന ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തത് വിവാദമാകുന്നു. കഴിഞ്ഞ ദിവസം തിരൂരിലാണ് ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്ത് ഖമറുന്നിസ ബിജെപിക്ക് ആശംസകള്‍ നേര്‍ന്നത്. സംഭവം വിവാദമായതോടെ മുസ്‍ലിം ലീഗ് വെട്ടിലായിരിക്കുകയാണ്. ഖമറുന്നിസക്കെതിരെ മുസ്‍ലിം ലീഗ് നടപടിയെടുത്തേക്കും.
ബിജെപി സംസ്ഥാന ഫണ്ട് ശേഖരണത്തിന്റെ തിരൂര്‍ മണ്ഡലം ഉദ്ഘാടനമാണ് ഖമറുന്നിസ അന്‍വര്‍ നിര്‍വഹിച്ചത്. ബിജെപിയുടെ തിരൂര്‍ മണ്ഡലം അധ്യക്ഷന്‍ കെ പി പ്രദീപ്കുമാറിന് തുക കൈമാറിയായിരുന്നു ഉദ്ഘാടനം. ഫണ്ട് നല്‍കിയ ശേഷം ബിജെപിയെ ഖമറുന്നീസ പുകഴ്ത്തുകയും ചെയ്തു. ബിജെപി രാജ്യത്ത് വളര്‍ന്നു കൊണ്ടിരിക്കുന്ന പാര്‍ട്ടിയാണെന്ന് ഖമറുന്നിസ അന്‍വര്‍ പറഞ്ഞു. ബിജെപിക്ക് എല്ലാ വിജയങ്ങളുമുണ്ടാകട്ടെ എന്നാശംസിച്ച ഖമറുന്നിസ നാടിന്റെ വികസനത്തിനും നന്മക്കും വേണ്ടി ബിജെപി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു.ബിജെപി സംസ്ഥാനകമ്മിറ്റിയംഗം എ കെ ദേവീദാസന്‍, ഒബിസി മോര്‍ച്ച ജില്ലാ അധ്യക്ഷന്‍ മനോജ് പാറശേരി എന്നിവരും ഉണ്ടായിരുന്നു.
മുസ്‍ലിം ലീഗ് നേതൃത്വത്തിന്റെ അറിവോടെയാണ് ബിജെപിക്ക് ഫണ്ട് നല്‍കിയത് എന്നാണ് ഖമറുന്നിസ അന്‍വര്‍ പറയുന്നത്. എന്നാല്‍ സംഭവം വിവാദമായ പശ്ചാത്തലത്തില്‍ ഖമറുന്നസക്കെതിരെ നടപടിയെടുക്കാനാണ് ലീഗ് നേതൃത്വത്തിന്റെ ആലോചന. മുസ്‍ലിം ലീഗ് തിരൂര്‍ മണ്ഡലം കമ്മിറ്റിയില്‍ നിന്ന് റിപ്പോര്‍ട്ട് വാങ്ങിയ ശേഷം മുസ്‍ലിം ലീഗ് സംസ്ഥാന കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.
നേരത്തെ മുസ്‍ലിം ലീഗിലെ വനിതാ പ്രാതിനിധ്യത്തെച്ചൊല്ലി പരസ്യമായി നിലപാട് എടുത്ത നേതാവാണ് ഖമറുന്നീസ അന്‍വര്‍