കേരള കോണ്‍ഗ്രസ് തര്‍ക്കങ്ങള്‍ സമവായത്തിലേക്ക്
|ജില്ലാ പഞ്ചായത്തിലുണ്ടായത് പ്രാദേശിക ധാരണയെന്ന് കെഎം മാണി; വിശദീകരണം തൃപ്തികരമെന്ന് ജോസഫ്
സിപിഎം ബന്ധത്തിന്റെ പേരില്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ ഉടലെടുത്ത തര്‍ക്കങ്ങള്‍ സമവായത്തിലേക്ക്. കോട്ടയത്ത് സിപിഎമ്മുമായി ഉണ്ടാക്കിയത് പ്രദേശിക ധാരണ മാത്രമാണെന്ന് കെ എം മാണി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ വിശദീകരിച്ചു. മാണിയുടെ വിശദീകരണത്തില്‍ തൃപ്തരാണെന്നായിരുന്നു പി ജെ ജോസഫിന്റെ പ്രതികരണം.
കോട്ടയം ജില്ലാ പഞ്ചായത്തില്‍ സിപിഎമ്മുമായി കേരള കോണ്‍ഗ്രസ് ധാരണ ഉണ്ടാക്കിയതോടെയാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നും പുറത്ത് നിന്നും കെ എം മാണിക്ക് കടുത്ത പ്രതിഷേധം നേരിടേണ്ടി വന്നത്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടിയാണ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരാന്‍ കെ എം മാണി തീരുമാനിച്ചത്. കോട്ടയത്ത് പാര്‍ട്ടി ഉണ്ടാക്കിയത് പ്രാദേശിക സംഖ്യം മാത്രമാണെന്നും മുന്നണി ബന്ധത്തിന്റെ ഭാഗമല്ലെന്നും മാണി യോഗത്തില്‍ വിശദീകരിച്ചു.
പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസമുണ്ടാക്കാമെന്ന് ആരും കരുതേണ്ടന്നായിരുന്നു കെ എം മാണി പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചത്. കോട്ടയത്തെ സംഭവം ദൌര്ഭാഗ്യകരമാണെങ്കിലും മാണിയുടെ വിശദീകരണത്തില്‍ തൃപ്തനാണെന്ന് പി ജെ ജോസഫും പ്രതികരിച്ചു. എല്ഡിഎഫുമായ ധാരണ ഉണ്ടാക്കിയതിനെതിരെ യോഗത്തില്‍ ജോസഫ് വിഭാഗം കടുത്ത നിലപാട് സ്വീകരിച്ചുവെന്നാണ് സൂചന.