ഫ്രീക്കന്മാര്‍ അലക്കിത്തേച്ച സൗന്ദര്യ നിയമങ്ങളെയാണ് വെല്ലുവിളിച്ചതെന്ന് സാറാ ജോസഫ്
|കുടുമ മുറിച്ച നമ്പൂരിയും ബ്ലൗസിട്ട നമ്പൂരിപ്പെൺകിടാവും ഫ്രീക്കനും ഫ്രീക്കത്തിയുമായിരുന്നു
ഫാഷന്‍ വെറും ഭ്രമം മാത്രമല്ല, നിലനില്‍ക്കുന്ന വ്യവസ്ഥയോടുള്ള കലഹമാണെന്ന് സാഹിത്യകാരി സാറാ ജോസഫ്. മാറ് മറച്ച ചാന്ദാർ സ്ത്രീയും ഷർട്ടിട്ട ദലിതനും ചെയ്തത് വ്യവസ്ഥയെ വെല്ലുവിളിക്കലാണെന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റ് വായിക്കാം
നാളെ തൃശൂരിൽ കേരളത്തിലെ ഫ്രീക്കന്മാരുടെയും ഫ്രീക്കത്തികളുടെയും യോഗം നടക്കുന്നു. ഫ്രീക്കന്മാരും ഫ്രീക്കത്തികളും എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. വെറും ഫാഷൻ ഭ്രമം മാത്രമല്ല അത്. നിലനിൽക്കുന്ന വ്യവസ്ഥയോടുള്ള കലഹമാണ് പലപ്പോഴും സ്വന്തം വേഷത്തിൽ അവർ പ്രതിഫലിപ്പിക്കുന്നത്. ചൂഷണ വ്യവസ്ഥയുടെ ഉല്പന്നമായ സൗന്ദര്യ ബോധത്തെയും അതിന്റെ ലാവണ്യ നിയമങ്ങളെയും ആവേശപൂർവ്വം തെറ്റിക്കുക. കുടുമ മുറിച്ച നമ്പൂരിയും ബ്ലൗസിട്ട നമ്പൂരിപ്പെൺകിടാവും ഫ്രീക്കനും ഫ്രീക്കത്തിയുമായിരുന്നു' മാറ് മറച്ച ചാന്ദാർ സ്ത്രീയും ഷർട്ടിട്ട ദലിതനും ചെയ്തത് വ്യവസ്ഥയെ വെല്ലുവിളിക്കലാണ്.
ഹിപ്പികൾ, നക്സലൈററുകൾ, ഫ്രീക്കന്മാർ ഒക്കെ ഓരോ കാലഘട്ടത്തിന്റെയും അലക്കിത്തേച്ച സൗന്ദര്യ നിയമങ്ങളെയാണ് വെല്ലുവിളിച്ചത്.
വീട്, കുടുംബം, സ്കൂൾ, കോളേജ്, പൊലീസ്, പൊതു സമൂഹം ഒക്കെ അവരെ വരച്ച വരയിൽ നിർത്താൻ വേണ്ടിയാണ് ശിക്ഷിക്കുന്നത്. മര്യാദ രാമന്മാരുടെ ഇമേജ് ഞങ്ങൾക്ക് വേണ്ട എന്ന് അവർ സ്വന്തം ശരീരത്തിൽ വരുത്തിയ വെട്ടിത്തിരുത്തലുകളിലൂടെ പ്രഖ്യാപിക്കുന്നു. മുടി നീട്ടി വളർത്തിയവരെല്ലാം കഞ്ചാവ് വിൽപ്പനക്കാരാണ് എന്ന അപഹാസ്യമായ വിലയിരുത്തലാണ് പൊലീസ് നടത്തുന്നത്.