പാമ്പുപിടുത്തത്തിന്റെ പണം രോഗികള്‍ക്ക് നല്‍കുന്ന ദിറാര്‍
|യാത്രക്ക് ചെലവായ പണം മാത്രമെടുത്ത് ബാക്കി തുക ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നീക്കി വെക്കുകയാണ് ദിറാറന്റെ പതിവ്. കിടപ്പിലായ രോഗികളുടെ ചികിത്സക്കും കാന്‍സര്‍ രോഗികള്‍ക്കുമാണ് ദിറാര്‍ പണം നല്‍കുന്നത്.
പാമ്പുപിടുത്തത്തിലൂടെ കിട്ടുന്ന പണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു നീക്കിവെക്കുകയാണ് വയനാട് കുന്നമ്പറ്റയിലെ ദിറാര്‍ എന്ന യുവാവ്. വയനാട് ജില്ലയില്‍ ആയിരക്കണക്കിന് പാമ്പുകളെ പിടിച്ച ദിറാറിന്റെ പ്രവര്‍ത്തനം നിരവധി രോഗികള്‍ക്കാണ് ആശ്വാസമാകുന്നത്.
വയനാട് ജില്ലയില്‍ എവിടെ പാമ്പിന്റെ ശല്യമുണ്ടായാലും ദിറാറിനെ ഒന്നു ഫോണ്‍ വിളിച്ചാല്‍ മതി. ഓടിയെത്തി പാമ്പിനെ പിടിച്ച് കാട്ടില്‍ കൊണ്ടുപോയി വിടാന്‍ സമര്‍ഥനാണ് ദിറാര്‍. പാമ്പിന്റെ ശല്യമൊഴിവാക്കിയാല്‍ നാട്ടുകാര്‍ പണം നല്‍കും. യാത്രക്ക് ചെലവായ പണം മാത്രമെടുത്ത് ബാക്കി തുക ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നീക്കി വെക്കുകയാണ് ദിറാറന്റെ പതിവ്. കിടപ്പിലായ രോഗികളുടെ ചികിത്സക്കും കാന്‍സര്‍ രോഗികള്‍ക്കുമാണ് ദിറാര്‍ പണം നല്‍കുന്നത്.
വനം വാച്ചറായി താത്കാലിക ജോലിയാണുള്ളത്. സ്വന്തം വീട്ടിലെ പരാധീനതകളൊഴിഞ്ഞിട്ടല്ല അന്യരെ സഹായിക്കാനിറങ്ങുന്നത്. പാമ്പു പിടുത്തത്തിലൂടെ ലഭിക്കുന്ന പണം ഒരുമിച്ചു കൂട്ടി കഷ്ടതയനുഭവിക്കുന്നവര്‍ക്കായി വലിയ ജീവകാരുണ്യ സംരഭം തുടങ്ങുകയാണ് ദിറാറിന്റെ ലക്ഷ്യം.