ബന്ധുനിയമനക്കേസ്: ഇ പി ജയരാജനെതിരായ എഫ്ഐആര്‍ റദ്ദാക്കി
|ഇ പി ജയരാജനെതിരായ ബന്ധുനിയമനക്കേസിലെ എഫ്ഐആര്‍ ഹൈക്കോടതി റദ്ദാക്കി.
ഇ പി ജയരാജൻ പ്രതിയായ ബന്ധുനിയമനക്കേസ് ഹൈക്കോടതി റദ്ദാക്കി. അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. ആരുടെ താൽപര്യപ്രകാരമാണ് കേസ് എടുത്തതെന്നും ഹൈക്കോടതി വിജിലൻസിനോട് ചോദിച്ചു.
ഇ പി ജയരാജൻ അടക്കമുള്ള മൂന്ന് പേർക്കെതിരെ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസാണ് കോടതി റദ്ദാക്കിയത്. വിജിലൻസ് ആർക്ക് വേണ്ടിയാണ് കേസെടുത്തതെണ് കോടതി വിമർശിച്ചു. നിയമം നടപ്പിലാക്കാനുള്ളതാണ്. സ്വയം കണ്ടുപിടിച്ചു നടപ്പാക്കേണ്ട ഒന്നല്ല നിയമം. എതിരാളികളുടെ വായടയ്ക്കാനാണോ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത് എന്നും ഹൈക്കോടതി ചോദിച്ചു.
കെഎസ്ഐഇ എംഡിയായി പി കെ സുധീറിനെ നിയമിച്ച തീരുമാനം അഴിമതി നിരോധന നിയമത്തിലെ 13 (1) ഡി വകുപ്പിന്റെ പരിധിയില്‍ വരില്ല. നിയമനത്തില്‍ സ്വജനപക്ഷപാതമുണ്ടെന്ന ആക്ഷേപം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതല്ല. സ്വജന പക്ഷപാതമുണ്ടെന്ന എല്ലാ ആക്ഷേപവും അഴിമതി നിരോധനനിയമ പ്രകാരം നിൽനിൽക്കുന്നതല്ല എന്നും ഹൈക്കോടതി വ്യക്തമാക്കി.
കേസ് അഴിമതി നിരോധന നിയമപ്രകാരം നിലനിൽക്കുന്നതല്ല എന്ന് നേരത്തെ വ്യക്തമായതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേസിൽ കൂടുതൽ നിയമനടപടികൾക്ക് സാധുതയില്ല. കെഎസ്ഐഇഎംഡി നിയമനത്തിൽ നിയമന അതോറിറ്റിക്ക് വിവേചന അധികാരം ഉണ്ട് എന്നും ഹൈക്കോടതി നിരീക്ഷിച്ചു. പരാതിയുടെ വസ്തുത പരിശോധിച്ചതിനു ശേഷമാണോ കേസ് എടുത്തത് എന്ന് ഹൈക്കോടതി ചോദിച്ചു.