Kerala
മരണത്തിന് അങ്ങയെ ഒരു ചുക്കും ചെയ്യാന്‍ സാധിക്കില്ല; പുനത്തിലിന്റെ ഓര്‍മ്മകളുമായി സുഭാഷ് ചന്ദ്രന്‍മരണത്തിന് അങ്ങയെ ഒരു ചുക്കും ചെയ്യാന്‍ സാധിക്കില്ല; പുനത്തിലിന്റെ ഓര്‍മ്മകളുമായി സുഭാഷ് ചന്ദ്രന്‍
Kerala

മരണത്തിന് അങ്ങയെ ഒരു ചുക്കും ചെയ്യാന്‍ സാധിക്കില്ല; പുനത്തിലിന്റെ ഓര്‍മ്മകളുമായി സുഭാഷ് ചന്ദ്രന്‍

Jaisy
|
27 May 2018 6:25 AM GMT

ഊച്ചാളികള്‍ വാഴുന്ന ഈ കെട്ട ലോകത്തിനു നേരേ കൊഞ്ഞനം കുത്താനുള്ള അസാമാന്യ ധൈര്യം കൊണ്ടും അദ്ദേഹം മാധവിക്കുട്ടിയുടെ നേരാങ്ങളയാണെന്ന് പലപ്പോഴും തോന്നിച്ചു

അന്തരിച്ച പുനത്തില്‍ കുഞ്ഞബ്ദുള്ളയെക്കുറിച്ച് ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് മറ്റൊരു സാഹിത്യകാരനായ സുഭാഷ് ചന്ദ്രന്‍. പുനത്തിലുമായി ഗാഢസൌഹൃദം പുലര്‍ത്തിയിരുന്നു സുഭാഷ്. മലയാളികള്‍ക്കിടയില്‍ പലപ്പോഴും കണികാണാന്‍ കിട്ടാത്ത നല്ല പെരുമാറ്റങ്ങളുടെ ചലിക്കുന്ന ഒരുദാഹരണമായിരുന്നു പുനത്തിലെന്ന് അദ്ദേഹം ഓര്‍മ്മിക്കുന്നു.

സുഭാഷ് ചന്ദ്രന്റെ പോസ്റ്റ് വായിക്കാം

പുനത്തില്‍ വലിയ അബ്ദുള്ള

ഒട്ടേറെ വലിയ മനുഷ്യരെ എനിക്ക് പരിചയക്കാരായി നല്‍കിയ നാടാണ് കോഴിക്കോട്. വലിയ മനുഷ്യര്‍ക്കുമാത്രമല്ല, മറ്റെല്ലാ നാടുകളിലും എന്ന പോലെ ചെറിയ മനുഷ്യര്‍ക്കും കോഴിക്കോട്ട് പഞ്ഞമൊന്നുമില്ല. എന്താണ് മനുഷ്യന്റെ വലിപ്പച്ചെറുപ്പങ്ങളുടെ മാനദണ്ഡം? മറ്റുള്ളവന്റെ സന്തോഷം സ്വന്തം സന്തോഷമായും മറ്റുള്ളവന്റെ വേദന സ്വന്തം വേദനയായും ആത്മാവില്‍ അനുഭവിക്കുന്ന ഒരാളാണ് എന്റെ വിലയിരുത്തലില്‍ വലിയ മനുഷ്യന്‍. മറ്റുള്ളവന്റെ സന്തോഷം വേദനയായും അപരന്റെ വേദന സന്തോഷമായും തോന്നുന്ന ഒരാളാണ് ചെറിയ മനുഷ്യന്‍. അത്തരം വാമനന്മാര്‍ എപ്പോഴും മഹത്തുക്കളെ ചവിട്ടിത്താഴ്ത്താന്‍ തന്റെ വലംകാല്‍ ഓങ്ങിത്തന്നെ പിടിക്കും.

ചില മനുഷ്യര്‍ കാഴ്ചയില്‍ അതിഗംഭീരന്മാര്‍; കാറും വീടും കളത്രവുമെല്ലാം ഉഗ്രാദി ഉഗ്രം. പക്ഷേ അര മിനുട്ട് സംസാരിച്ചാല്‍ നാം നിരാശരാകും. ആത്മാവില്‍ എന്തോ ഒന്ന് ചീഞ്ഞുനാറുന്ന ഒരു ദേഹം ജീവനുള്ളതുകൊണ്ടു മാത്രം കുത്തനെ നില്‍ക്കുന്നതുകണ്ട്‌ അമ്പരക്കും. എന്നാല്‍ മറ്റു ചിലരാകട്ടെ കാഴ്ചയില്‍ കേവലരായിത്തോന്നുമെങ്കിലും അടുത്തറിയുന്തോറും മനുഷ്യാന്തസ്സിന്റെ അലൗകികമായ ഒരു വെളിച്ചം അവരില്‍ നിന്ന് വെള്ളം പോലെ പ്രവഹിക്കുന്നത് നാം കാണും. ലോകത്തിന്റെ ദൃഷ്ടിയില്‍ ഒരു പക്ഷേ അതിന് വലിയ മതിപ്പൊന്നും കിട്ടിയെന്നുവരില്ല. എന്നു മാത്രമല്ല അവരെക്കുറിച്ച് അപവാദങ്ങളും കിംവദന്തികളും നാം കേട്ടെന്നിരിക്കും. പക്ഷേ നമ്മുടെ മുന്നില്‍ വരുമ്പോള്‍ നാം അവരുടെ മഹത്വം നേരിട്ടളക്കും. ലോകം മുഴുവന്‍ ഒറ്റപ്പെടുത്തിയാലും ഞാനിയാളുടെ കൂടെ നില്‍ക്കും എന്നൊരു പ്രതിജ്ഞ മനസ്സില്‍ പൊന്തും.

കോഴിക്കോട് വന്നതുകൊണ്ടുമാത്രം പരിചയപ്പെടാന്‍ പറ്റിയ അത്തരമൊരാൾ. പേരിൽ കുഞ്ഞ് എന്ന വാക്കുണ്ടെങ്കിലും ആറടിപ്പൊക്കമൊന്നുമില്ലെങ്കിലും എന്റെ മനസ്സില്‍ വലിയൊരു മനുഷ്യനായി എക്കാലവും നിറഞ്ഞുനില്‍ക്കുന്ന ഒരാള്‍: പുനത്തില്‍ കുഞ്ഞബ്ദുള്ള. പ്രതിഭ കൊണ്ടും ശിശുസഹജമെന്നോ ദൈവികമെന്നോ വിളിക്കാവുന്ന നിഷ്‌കളങ്കത കൊണ്ടും ഊച്ചാളികള്‍ വാഴുന്ന ഈ കെട്ട ലോകത്തിനു നേരേ കൊഞ്ഞനം കുത്താനുള്ള അസാമാന്യ ധൈര്യം കൊണ്ടും അദ്ദേഹം മാധവിക്കുട്ടിയുടെ നേരാങ്ങളയാണെന്ന് പലപ്പോഴും തോന്നിച്ചു. ഈ രണ്ടു പേരേയും കുറ്റം പറഞ്ഞവരെല്ലാം വാസ്തവത്തില്‍ സ്വന്തം കുറ്റങ്ങള്‍ തന്നെയാണ് വിളിച്ചുപറയുന്നതെന്ന് തിരിച്ചറിഞ്ഞ് പലപ്പോഴും നാം അമ്പരന്നു. മനസ്സില്‍ നന്മയുള്ളവര്‍ക്ക് ഈ രണ്ടുപേരും നന്മനിറഞ്ഞവരായി കാണപ്പെടുന്ന വിസ്മയം കണ്ട്‌ അതിശയിച്ചു.

ഇരുപതുവര്‍ഷം മുമ്പ് അദ്ദേഹം തന്റെ അമേരിക്കാ സന്ദര്‍ശനവേളയിൽ , രണ്ടാം ലോകമഹായുദ്ധക്കാലത്ത് തകര്‍ക്കപ്പെട്ട ഒരു പാലത്തിന്റെ രേഖാചിത്രമുള്ള യു.എസ് പോസ്റ്റ് കാര്‍ഡില്‍ അദ്ദേഹം എഴുതി: 'ഞാനിവിടുന്ന് ഇത്തരം രണ്ട്‌ കാര്‍ഡുകള്‍ വാങ്ങി. ഒന്ന് എന്റെ മകനയച്ചു; ഒന്നിതാ നിനക്കും. നിന്റെ കഥകള്‍ വായിച്ച് എനിക്കിപ്പോള്‍ നിന്നെ സ്വന്തം മകനായി തന്നെ തോന്നാന്‍ തുടങ്ങിയിരിക്കുകയാണ്!'

ഒരു നവയുവാവിനോട് ഒരു വലിയ എഴുത്തുകാരന്‍, ഒരു വലിയ മനുഷ്യന്‍, കാണിച്ച സ്‌നേഹാദരങ്ങളുടെ ആദ്യാങ്കുരമായിരുന്നു അത്. പിന്നീടെത്രയോ സന്ദര്‍ഭങ്ങളില്‍ ഈ മനുഷ്യന്‍ എന്നെ പലമട്ടില്‍ വിസ്മയിപ്പിച്ചുകൊണ്ടേയിരുന്നു. മലയാളികള്‍ക്കിടയില്‍ പലപ്പോഴും കണികാണാന്‍ കിട്ടാത്ത നല്ല പെരുമാറ്റങ്ങളുടെ ചലിക്കുന്ന ഒരുദാഹരണമായിരുന്നു അദ്ദേഹം. തിന്നുമ്പോള്‍, കുടിക്കുമ്പോള്‍, അപരനോട് സംസാരിക്കുമ്പോള്‍ എല്ലാം എങ്ങനെ മനുഷ്യാന്തസ്സ് ഒട്ടും ബലപ്രയോഗമില്ലാതെ പ്രസരിപ്പിക്കാം എന്ന് അദ്ദേഹം നമുക്ക് കാണിച്ചുതന്നു. എല്ലാവരും ചെയ്യുന്ന പാപങ്ങള്‍ മാത്രമേ താനും ചെയ്യുന്നുള്ളൂ എന്നറിയാമായിരുന്നിട്ടും അദ്ദേഹം സ്വന്തം പാപങ്ങള്‍ ഉറക്കെ വിളിച്ചുപറയാന്‍ ചങ്കൂറ്റം കാട്ടി. അതു കേട്ട് ഇതാ ഒരു മഹാപാപി എന്ന് ആര്‍ത്തുവിളിക്കുന്നവരെ നോക്കി കണ്ണീരൊളിപ്പിച്ച ഒരു മധുരമന്ദഹാസം പൊഴിച്ചു.

കോഴിക്കോട്ട് ഞാന്‍ താമസിച്ച മൂന്നു വാടകവീടുകളിലും ഞാന്‍ പണിത ഭൂമി എന്ന വീട്ടിലും മാത്രമല്ല, അങ്ങു ദൂരെ ആലുവയിലുള്ള ഞാന്‍ പിറന്ന വീട്ടിലും അദ്ദേഹം വന്നു. എന്റെ അമ്മ ആദ്യമായി ഞാനല്ലാത്തൊരു സാഹിത്യകാരനെ നേരില്‍ കണ്ടത് ഞങ്ങളുടെ കടുങ്ങല്ലൂരിലെ വീട്ടിലെ സെറ്റിയില്‍ ഇരുന്ന് അമ്മ കൊടുത്ത നാരങ്ങവെള്ളം വലിയ ആര്‍ത്തി അഭിനയിച്ചുകൊണ്ട്‌ കുടിക്കുന്ന പുനത്തിലിന്റെ രൂപത്തിലാണ്. സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടിയ എന്നെ നാട്ടുകാര്‍ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. 'സ്വന്തം നാട്ടുകാര്‍ക്ക് ഒരു സാഹിത്യകാരനെ ഇങ്ങനെ ആദരിക്കാന്‍ കഴിയുമെന്ന് ഞാന്‍ ആദ്യമായി കാണുകയാണ്' , അദ്ദേഹം അന്ന് പ്രസംഗത്തില്‍ പൊട്ടിച്ചിരി നിറച്ചു.

പുനത്തില്‍, അങ്ങയെ ഞാന്‍ മനസ്സുകൊണ്ട്‌ ഇനിയും എന്നും കാണും. ആ മധുരമന്ദഹാസം ദാ എന്റെ മുന്നില്‍ എപ്പോഴുമുണ്ട്‌. എഴുതാന്‍ മാത്രമായി ഭൂമിയില്‍വന്ന അങ്ങ് എന്റെ അടുത്ത ബന്ധുവാണെന്ന ഉറച്ച ബോധ്യത്തോടെ പറയട്ടെ: മരണത്തിന് അങ്ങയെ ഒരു ചുക്കും ചെയ്യാന്‍ സാധിക്കില്ല. ധൈര്യമായി ഇരുന്നാലും!

Similar Posts