ഓഖി: കേന്ദ്ര സംഘം കേരളത്തിലെത്തി
|ഓഖി ദുരന്തത്തിന്റെ നാശനഷ്ടം വിലയിരുത്താന്‍ കേന്ദ്ര സംഘം കേരളത്തിലെത്തി. കേന്ദ്രആഭ്യന്തര അഡീഷണല്‍ സെക്രട്ടറി വിപിന്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ സന്ദര്‍ശനം നാല് ദിവസം..
ഓഖി ദുരന്തത്തിന്റെ നാശനഷ്ടം വിലയിരുത്താനായി കേന്ദ്ര സംഘം കേരളത്തിലെത്തി. കേന്ദ്രആഭ്യന്തര അഡീഷണല്‍ സെക്രട്ടറി വിപിന്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘം പൂന്തുറയിലെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തുകയാണ്. പൂന്തുറ ഇടവക പ്രതിനിധികളുമായി സംഘം ചര്‍ച്ച നടത്തുകയാണ്. റവന്യു സെക്രട്ടറി പി എച്ച് കുര്യനും ജില്ലാ കലക്ടര്‍ കെ വാസുകിയും സംഘത്തിനൊപ്പമുണ്ട്. സന്ദര്‍ശനത്തിന് ശേഷം കേന്ദ്ര സംഘം നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും കേന്ദ്രം പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക.
ഓഖി ദുരന്തം നാശം വിതച്ച കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ കേന്ദ്ര സംഘം സന്ദര്‍ശനം നടത്തണമെന്ന സംസ്ഥാനസര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ആഭ്യന്തര അഢീഷണല്‍ സെക്രട്ടറി വിപിന്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘം എത്തുന്നത്. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് കേന്ദ്രസംഘം ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കുന്നത്.തിരുവനന്തപുരം കൊല്ലം മേഖല, ആലപ്പുഴ എറണാകുളം മേഖല തൃശ്ശൂർ മലപ്പുറം മേഖല എന്നിങ്ങനെയാണ് ദുരന്തബാധിതപ്രദേശങ്ങളെ തിരിച്ചിരിക്കുന്നത് .നഷ്ടപ്പെട്ടതും കേട്പാട് പറ്റിയതുമായ ബോട്ടുകളുടെ കണക്ക്,തകര്‍ന്ന വീടുകള്‍,നഷ്ടപ്പെട്ട് പോയ മത്സ്യബന്ധന ഉപകരങ്ങള്‍.തുടങ്ങി ഓഖിയുമായി ബന്ധപ്പെട്ട എല്ലാ നാശനഷ്ടങ്ങളും സംഘം വിലയിരുത്തും.ഓരോ ജില്ലകളിലുമെത്തുന്ന സംഘത്തിനൊപ്പം അതാത് ജില്ലാ കള്ക്ടര്‍മാരുമാണ്ടാകും.
വെള്ളിയാഴ്ച വരെ നീണ്ട് നില്‍ക്കുന്ന സന്ദര്‍ശനത്തിന് ശേഷം കേന്ദ്ര സംഘം തയ്യാറാക്കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും കേരളത്തില്‍ പ്രത്യേകപാക്കേജ് പ്രഖ്യാപിക്കുന്നത്. ഓഖി ദുരിതാശ്വാസത്തിനും ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനും തീരദേശ മേഖലയുടെ പുനര്‍നിര്‍മ്മാണത്തിനുമായി 7340 കോടിയുടെ സമഗ്ര പാക്കേജാണ് കഴിഞ്ഞാഴ്ച കേരളത്തിലെത്തിയ പ്രധാനമന്ത്രിയോട് സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടത്.