മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയ സംഭവം; സ്ക്കൂള്‍ അധികൃതര്‍ക്കെതിരെ നടപടി
|കര്‍ണ്ണികയമ്മന്‍ സ്കൂള്‍ ഹെഡ്മാസ്റ്റര്‍,മാനേജര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ക്രിമിനല്‍ കേസിനുള്ള സാധ്യത പരിശോധിക്കാന്‍ പാലക്കാട്
സ്വാതന്ത്ര്യദിനത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത് സ്കൂളില്‍ പതാക ഉയര്‍ത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ നടപടി. കര്‍ണ്ണികയമ്മന്‍ സ്കൂള്‍ ഹെഡ്മാസ്റ്റര്‍,മാനേജര്‍ എന്നിവര്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ക്രിമിനല്‍ കേസ് രജിസ്ട്രര്‍ ചെയ്യാന്‍ കഴിയുമോയെന്ന് പരിശോധിക്കാന്‍ പാലക്കാട് എസ്പിയോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പാലക്കാട് കര്‍ണ്ണകിയമ്മന്‍ സ്കൂളില്‍ ആഗസ്റ്റ് 15-നാണ് ആര്‍എസ്എസ് സര്‍ സംഘചാലക് മോഹന്‍ഭഗവത് ദേശീയപതാക ഉയര്‍ത്തിയത്. എയ്ഡഡ് സ്കൂളില്‍ ആര്‍എസ്എസ് മേധാവി പതാക ഉയര്‍ത്തരുതെന്ന് നിര്‍ദ്ദേശിച്ച് 14-ആം തീയതി പാലക്കാട് കളക്ടര്‍ നല്‍കിയ ഉത്തരവ് മറികടന്നായിരുന്നു നടപടി. പരാതികളുടെ അടിസ്ഥാനത്തില്‍ പഴുതുകളടച്ചുള്ള നടപടികളാണ് പിന്നീട് സര്‍ക്കാരെടുത്തത്. ആദ്യം പാലക്കാട് കളക്ടറോട് വിശദമായ റിപ്പോര്‍ട്ട് വാങ്ങി. ദേശീയ പതാക കോഡിന്റെ ലംഘനമുണ്ടോയെന്ന പരിശോധിക്കാന്‍ പൊതുഭരണ വകുപ്പിനോടും നിര്‍ദ്ദേശിച്ചു.
മോഹന്‍ഭഗവതിനും, സ്കൂള്‍ മാനേജര്‍ക്കും ഹെഡ്മാസ്റ്റര്‍ക്കുമെതിരായി നടപടികളെടുക്കണമെന്ന റിപ്പോര്‍ട്ടാണ് വിവിധ വകുപ്പുകള്‍ നല്‍കിയത്. തുടര്‍ന്ന് നിയമ വകുപ്പിന്റെ പരിശോധനകള്‍ക്കായി ഫയല്‍ നിയമ സെക്രട്ടറി ബിജെ ഹരീന്ദ്രനാഥിന് കൈമാറി. നടപടികളെടുക്കുന്നതിന് തടസ്സമില്ലന്ന മറുപടിയാണ് നിയമ സെക്രട്ടറി നല്‍കിയത്. ഇതേത്തുടര്‍ന്നാണ് മാനേജര്‍ക്കും, ഹെഡ്മാസ്റ്റര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ ഡിപിഐയോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത്. എന്ത് നടപടി വേണമെന്ന് വിദ്യാഭ്യസവകുപ്പ് തീരുമാനിക്കും.
ക്രിമിനല്‍ കേസെടുക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കാന്‍ പാലക്കാട് എസ്പിയോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിയമ സെക്രട്ടറി ചട്ടലംഘനം നടന്നുവെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ കേസ് ഉടന്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് വിവരം. വിഷയത്തെ രാഷ്ട്രീയമായി നേരിടാനാണ് ബിജെപിയുടെ തീരുമാനം.