അനധികൃത സ്വത്ത് സമ്പാദന കേസ്: ടിഒ സൂരജിനെതിരെ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു
|2004 മുതല്‍ 2014 വരെയുള്ള കാലയളവില്‍ ടി ഒ സൂരജിന്റെ വരുമാനത്തില്‍ 314 ശതമാനം വര്‍ധനവ് ഉണ്ടായതായാണ് വിജിലന്‍സ് കണ്ടെത്തല്‍.
അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജിനെതിരെ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 2004 മുതല്‍ 2014 വരെയുള്ള കാലയളവില്‍ ടി ഒ സൂരജിന്റെ വരുമാനത്തില്‍ 314 ശതമാനം വര്‍ധനവ് ഉണ്ടായതായാണ് വിജിലന്‍സ് കണ്ടെത്തല്‍.
എറണാകുളം വിജിലന്‍സ് സ്പെഷ്യല്‍ സെല്ലാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 2015 ലാണ് സൂരജിനെതിരെ വിജിലന്‍സ് കുറ്റപത്രം തയാറാക്കിയത്. 2004 മുതല്‍ 2014 വരെയുള്ള രേഖകള്‍ പരിശോധിച്ച വിജിലന്‍സ് സൂരജിന് 11 കോടി രൂപയുടെ അനധികൃത സ്വത്ത് ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇക്കാലയളവില്‍ വ്യവസായ വകുപ്പ് ഡയറക്ടറും പൊതുമരാമത്ത് സെക്രട്ടറിയും അടക്കമുള്ള പദവികളാണ് സൂരജ് വഹിച്ചത്.
കേരളത്തിലെ നാല് ജില്ലകളിലെ ഫ്ലാറ്റുകളും സ്ഥലങ്ങളും മംഗലാപുരത്തെ ആഡംബര ഫ്ലാറ്റും ഇത്തരത്തില്‍ അനധികൃതമായി സന്പാദിച്ചതാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സൂരജിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് 2015 ല്‍ തന്നെ വിജിലന്‍സ് സര്‍ക്കാരിനെ സമീപിച്ചിരുന്നു. കഴിഞ്ഞ മാസമാണ് കേന്ദ്രസര്‍ക്കാര്‍ ഇതിന് അനുമതി നല്‍കിയത്. ജേക്കബ് തോമസ് വിജിലന്‍സ് എഡിജിപി ആയിരുന്ന സമയത്താണ് സൂരജിനെതിരായ അന്വേഷണം നടന്നത്.