മന്ത് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടും ഇതര സംസ്ഥാന തൊഴിലാളികളുടെ താമസം വൃത്തിഹീനമായ അന്തരീക്ഷത്തില്‍
|തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളോട് കര്‍ശന നടപടി എടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും തൊഴിലാളികളെ മാറ്റിത്താമസിപ്പിക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം
മന്ത് രോഗം തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്തിട്ടും മലയോര മേഖലയില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസം വൃത്തിഹീനമായ അന്തരീക്ഷത്തില്‍ തന്നെ. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളോട് കര്‍ശന നടപടി എടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും തൊഴിലാളികളെ മാറ്റിത്താമസിപ്പിക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം. ആരോഗ്യ വകുപ്പ് മന്ത് പ്രതിരോധ പ്രവര്‍ത്തനവുമായി മുന്നോട്ട് പോവുകയാണ്.
കോഴിക്കോട് ജില്ലയിലെ മലയോര മേഖലയായ കുറ്റ്യാടി, കായക്കൊടി, വാണിമേല്‍ പ്രദേശങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മന്ത് രോഗം സ്ഥിരീകരിച്ചിരുന്നു. കായക്കൊടി പഞ്ചായത്തില്‍ മാത്രം 45 പേര്‍ക്കാണ് മന്ത് സ്ഥിരീകരിച്ചത്. വൃത്തിഹീനമായ പരിസര പ്രദേശങ്ങളില്‍ മന്ത് രോഗം പടര്‍ത്തുന്ന ക്യൂലക്സ് കൊതുകുകളുടെ സാന്നിധ്യവും കണ്ടെത്തിയിരുന്നു. ഇതോടെ തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ പരിശോധന നടത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആരോഗ്യ വകുപ്പ് കര്‍ശന നിര്‍ദേശവും നല്‍കി.
എന്നാല്‍ അതീവ ഗുരുതര സാഹചര്യം നേരിടുന്ന പ്രദേശങ്ങളെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തിയ ഇടങ്ങളിലെ അവസ്ഥ പരിതാപകരമാണ്. അതേസമയം പല പഞ്ചായത്തുകളിലെയും ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്നും ശേഖരിച്ച രക്തസാമ്പിളുകളുടെ പരിശോധന ഇനിയും പൂര്‍ത്തിയായിട്ടില്ല. ഇതുകൂടി പുറത്തു വന്നാല്‍ മന്ത് രോഗ ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാകുമെന്ന ആശങ്കയിലാണ് ആരോഗ്യ വകുപ്പ്.