സ്വന്തം ശമ്പളത്തിന്റെ വിഹിതം നീക്കിവച്ച് ആദിവാസി കുട്ടികള്‍ക്ക് സ്നേഹോപഹാരം നല്‍കിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍
|രണ്ട് ലക്ഷത്തോളം രൂപ ഏഴു പേര്‍ കൂടി സ്വരൂപിച്ചാണ് സ്നേഹോപഹാരം നല്‍കിയത്
വിശന്ന് നാട്ടിലിറങ്ങിയ ആദിവാസിയുടെ ജീവനെടുത്ത കിരാതമാര്‍ അറിയണം ഈ സുമനസുകളുടെ നന്മ. സ്വന്തം ശമ്പളത്തിന്റെ വിഹിതം നീക്കിവച്ച് ഇടമലക്കുടിയെന്ന ആദിവാസി പഞ്ചായത്തിലെ കുട്ടികള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നല്‍കിയ സ്നേഹോപഹാരത്തിന്റെ കഥയാണിത്.
സംസ്ഥാനത്തെ ഏക ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയിലെ സര്‍ക്കാര്‍ വിദ്യാലയത്തിന്റെ അടിസ്ഥാന സൌകര്യങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുക എന്ന ലക്ഷ്യത്തിലാണ് ഇടുക്കി തൊടുപുഴയിലെ വിദ്യാഭ്യാസ ഓഫീസിലെ ഏഴ് ഉദ്യോഗസ്ഥര്‍ കാനനപാത കടന്ന് കിലോമീറ്ററുകള്‍ സഞ്ചരിച്ച് ഇടമലക്കുടിയിലെത്തിയത്. നാല്‍പ്പത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ വിദ്യ പറഞ്ഞു കൊടുക്കാന്‍ അധ്യാപകര്‍ ഉണ്ടെന്നൊഴിച്ചാല്‍, കുട്ടികളെ ആകര്‍ഷിക്കുന്നതോ സന്തോഷിപ്പിക്കുന്നതോ ആയ ഒന്നും തന്നെ ഇവര്‍ വിദ്യാലയത്തില്‍ കണ്ടില്ല. ഔദ്യോഗിക പദവി മറന്ന് അവര്‍ ചിലത് തീരുമാനിച്ചു.
രണ്ട് ലക്ഷത്തോളം രൂപ ഏഴു പേര്‍ കൂടി സ്വരൂപിച്ചാണ് സ്നേഹോപഹാരം നല്‍കിയത്. ഇടമലക്കുടിയിലെ ആദിവാസി കുട്ടികള്‍ അന്നോളം സ്വപ്നത്തില്‍പോലും കാണാത്ത കളി ഉപകരണങ്ങള്‍ കണ്‍മുന്നിലെത്തിയപ്പോള്‍ അവര്‍ക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ സാധിക്കുന്നില്ലെന്ന് ഇവര്‍ തന്നെ പറയുന്നു.