Kerala
ലോകത്തോട് സിറിയയിലെ കുരുന്നുകള്‍: തുറിച്ചു നോക്കരുത്.. മരിച്ചു പോയതാണ്!ലോകത്തോട് സിറിയയിലെ കുരുന്നുകള്‍: തുറിച്ചു നോക്കരുത്.. മരിച്ചു പോയതാണ്!
Kerala

ലോകത്തോട് സിറിയയിലെ കുരുന്നുകള്‍: തുറിച്ചു നോക്കരുത്.. മരിച്ചു പോയതാണ്!

Khasida
|
27 May 2018 5:54 AM GMT

മാസികയുടെ കവറിന്റെ മാതൃകയില്‍ സിറിയയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വേറിട്ട പ്രതിഷേധവുമായി ഒരു കലാകാരന്‍

പുതിയ ലക്കം ഗൃഹലക്ഷ്മിയുടെ കവറിനെ കുറിച്ചുള്ള സോഷ്യല്‍ മീഡിയ വിവാദം കൊഴുക്കുന്നതിനിടെ, മാസികയുടെ കവറിന്റെ മാതൃകയില്‍ സിറിയയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വേറിട്ട പ്രതിഷേധവുമായി ഒരു കലാകാരന്‍. ഖത്തറില്‍ താമസിക്കുന്ന മലയാളിയായ കരീം ഗ്രാഫി കക്കോവാണ്, തുറിച്ചു നോക്കരുത്.. മരിച്ചു പോയതാണ്! എന്ന് ലോകത്തോട് സിറിയയിലെ കുരുന്നുകള്‍ പറയുന്നുവെന്ന് തന്റെ ഒരൊറ്റ ചിത്രത്തിലൂടെ വിളിച്ചു പറഞ്ഞിരിക്കുന്നത്.

കേരളത്തോട് അമ്മമാര്‍: തുറിച്ചുനോക്കരുത്, ഞങ്ങള്‍ക്ക് മുലയൂട്ടണം എന്ന അടിക്കുറിപ്പുമായി വന്ന ഗൃഹലക്ഷ്മി സമ്മിശ്ര പ്രതികരണങ്ങളാണ് ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയത്. മാഗസിനിന്റെ പേരിന്റെ സ്ഥാനത്ത് 'ഓ സിറിയാ.. ക്ഷമിക്കുക' എന്നും, മറ്റു ഫീച്ചറുകളെ കുറിച്ച് പരാമര്‍ശിക്കുന്നിടത്ത്, 'ഓപ്പണ്‍ യുവര്‍ ഹാര്‍ട്ട്', 'സിറിയ കത്തുന്നു..!' എന്നും കരീം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അനിയത്തിയെയും മടിയില്‍വെച്ചിരിക്കുന്ന, അനിയത്തിയുടെ ജീവന്‍ രക്ഷിക്കുന്നതിനിടെ സ്വന്തം ജീവന്‍ വെടിയേണ്ടി വന്ന, പെണ്‍കുട്ടിയുടെ ചിത്രമാണ് കവര്‍ചിത്രമായി ഉപയോഗിച്ചിട്ടുള്ളത്.

നേരത്തെ തന്നെ വരകളുടെയും വരികളുടെയും കരുത്ത് കൊണ്ട് സോഷ്യല്‍മീഡിയയില്‍ താരമാണ് കരിംഗ്രാഫി കക്കോവ്. കാലിഗ്രാഫി വിദഗ്ധനാണ് കരീം. ഇതിന് മുമ്പ് ശുഹൈബ്, മധു, സുഗതന്‍, സഫീര്‍, അക്രമികളുടെ ചവിട്ടേറ്റ് ഉദരത്തിലെ കുഞ്ഞിനെ നഷ്ടപ്പെട്ട ജ്യോത്സന സിബി എന്നിവരെ പ്രമേയമാക്കി ചെയ്ത വെട്ടിക്കൊന്നും, തല്ലിക്കൊന്നും , തൂക്കിക്കൊന്നും, കുത്തിക്കൊന്നും, ചവിട്ടിക്കൊന്നും ദൈവത്തിന്റെ സ്വന്തം നാട് മുന്നോട്ട് എന്ന പോസ്റ്റിന് നൂറുകണക്കിന് ഷെയറുകളാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. സമൂഹത്തിലെ പല വിഷയങ്ങളിലും തന്റെ വരകളിലൂടെ കരീം പ്രതികരിക്കാറുണ്ട്. പലതും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുമുണ്ട്.

Related Tags :
Similar Posts