നഴ്സുമാരുടെ മിനിമം വേതനം: അന്തിമ വിജ്ഞാപനം ഇറക്കുന്നത് ഹൈക്കോടതി തടഞ്ഞു
|ഈ മാസം 31ന് വിജ്ഞാപനം ഇറക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
നഴ്സുമാരുടെ മിനിമം വേതനം സംബന്ധിച്ച് അന്തിമ വിജ്ഞാപനം ഇറക്കുന്നത് ഹൈക്കോടതി താല്‍കാലികമായി തടഞ്ഞു. ഈ മാസം 31ന് വിജ്ഞാപനം ഇറക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. മധ്യസ്ഥ ചര്‍ച്ച നടക്കുന്ന വേളയില്‍ വിജ്ഞാപനം പാടില്ലെന്നാണ് കോടതി നിര്‍ദേശം.
നഴ്സുമാരുടെ വേതന വ്യവസ്ഥ സംബന്ധിച്ച് സര്‍ക്കാര്‍ അന്തിമ വിജ്ഞാപനം ഇറക്കുന്നത് കോടതി താല്‍കാലികമായി തടഞ്ഞെങ്കിലും ഇതുസംബന്ധിച്ച് നടപടികള്‍ തുടരാമെന്നാണ് കോടതി നിര്‍ദേശം. മിനിമം വേതനം സംബന്ധിച്ച വിജ്ഞാപനത്തിനുള്ള ഹിയറിങുകള്‍ ഇപ്പോള്‍ നടന്നുവരികയാണ്. നിലവിലെ ശമ്പളത്തിന്‍റെ 150 ശതമാനം വര്‍ധനവാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചത്. നാനൂറോളം ആശുപത്രികള്‍ തങ്ങളുടെ അഭിപ്രായം അറിയിച്ചെങ്കിലും വേണ്ടവിധം പരിഗണിക്കാതെയാണ് സര്‍ക്കാര്‍ ഉത്തരവെന്നും ഹരജിക്കാര്‍ കോടതിയെ അറിയിച്ചു.
അന്തിമ വിജ്ഞാപനം ഇറക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി മാനേജ്മെന്‍റാണ് കോടതിയെ സമീപിച്ചത്. ഈ മാസം 16, 17 തിയ്യതികളില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ തുടരാനാണ് തീരുമാനം. ഹരജി ബുധനാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.