ചെങ്ങന്നൂരില്‍ മാണി വിഭാഗത്തിന്‍റെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയില്‍ യുഡിഎഫ്
|കഴിഞ്ഞ ദിവസം സ്ഥാനാര്‍ത്ഥി ഡി വിജയകുമാര്‍ കെ എം മാണിയെ അദ്ദേഹത്തിന്‍റെ വസതിയില്‍ സന്ദര്‍ശിച്ചു
ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്‍റെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയില്‍ യുഡിഎഫ് ക്യാമ്പ്. കഴിഞ്ഞ ദിവസം സ്ഥാനാര്‍ത്ഥി ഡി വിജയകുമാര്‍ കെ എം മാണിയെ അദ്ദേഹത്തിന്‍റെ വസതിയില്‍ സന്ദര്‍ശിച്ചിരുന്നു. കെ എം മാണി മുന്നണിയിലേക്ക് മടങ്ങിയെത്തണമെന്നാണ് യുഡിഎഫ് ആഗ്രഹിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കി.
ചെങ്ങന്നൂരില്‍ നിര്‍ണായക സ്വാധീനമുള്ള കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്‍റെ പിന്തുണ ഉറപ്പിക്കാനാകുമെന്നാണ് യുഡിഎഫ് ക്യാമ്പിന്‍റെ കണക്കുകൂട്ടല്‍. കേരള കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം വിരുദ്ധ നിലപാട് എടുത്താലും അണികളില്‍ നല്ലൊരു വിഭാഗത്തെ കൂടെനിര്‍ത്താനാകുമെന്നുമാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസം കെ എം മാണിയെ വീട്ടില്‍ സന്ദര്‍ശിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഡി വിജയകുമാറും ഇതേ കണക്കുകൂട്ടലിലാണ്.
പാര്‍ട്ടി തീരുമാനപ്രകാരം മുന്നണി വിട്ട കേരള കോണ്‍ഗ്രസ് എം യുഡിഎഫിലേക്ക് മടങ്ങിയെത്തണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കി. എല്‍ഡിഎഫ് അനുകൂല നിലപാടെടുക്കുമെന്ന് മാണി വിഭാഗം ജില്ലാ പ്രസിഡന്റ് നേരത്തെ നിലപാട് എടുത്തിരുന്നെങ്കിലും പാര്‍ട്ടി നേതൃത്വം ഇത് തിരുത്തിയിരുന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടായതിന് ശേഷമേ മാണി വിഭാഗം രാഷ്ട്രീയ നിലപാട് കൈക്കൊളളൂവെന്നാണ് സൂചന.