Kerala
പൂരാവേശം കൊട്ടിക്കയറി; വര്‍ണ വിസ്മയമായി കുടമാറ്റംപൂരാവേശം കൊട്ടിക്കയറി; വര്‍ണ വിസ്മയമായി കുടമാറ്റം
Kerala

പൂരാവേശം കൊട്ടിക്കയറി; വര്‍ണ വിസ്മയമായി കുടമാറ്റം

Khasida
|
27 May 2018 7:10 AM GMT

മേളവും ചന്തങ്ങളും തീർത്ത ആവേശത്തിൽ തൃശൂർ പൂരത്തിന്‍റെ ചടങ്ങുകൾ പുരോഗമിക്കുന്നു.

മേളവും ചന്തങ്ങളും തീർത്ത ആവേശത്തിൽ തൃശൂർ പൂരത്തിന്‍റെ ചടങ്ങുകൾ പുരോഗമിക്കുകയാണ്. ഇലഞ്ഞിത്തറ മേളം കൊട്ടിക്കയറി. പൂരനഗരിയില്‍ വര്‍ണവിസ്മയം വാരിവിതറി കുടമാറ്റം നടന്നു.

കാലത്ത് 5.30ന് കണിമംഗലം ശാസ്താവ് പൂരനഗരിയിലേക്ക് എഴുന്നള്ളി. 7 മണിക്ക് എഴുന്നള്ളത്ത് വടക്കുന്നാഥന്റെ സന്നിധിയിലെത്തി പൂരത്തിന്റെ വരവറിയിച്ചു. തുടർന്ന് ഘടക പൂരങ്ങളും വടക്കുന്നാഥനെ വണങ്ങാനെത്തി. രാവിലെ 8 മണിക്ക് തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തിലേക്കുള്ള വരവ് പുറപ്പെട്ടു. ഉച്ചയോടെ ഇലഞ്ഞിത്തറമേളം കൊട്ടിക്കയറി. വൈകിട്ടോടെ കണ്ണിന് കുളിര്‍മയേകി വര്‍ണശബളമായ കുടമാറ്റം തുടങ്ങി.

ആദ്യം പാറമേക്കാവിന്‍റെ ഗജവീരന്മാര്‍ വടക്കുംനാഥന്‍റെ തെക്കേ ഗോപുരം വഴിയിറങ്ങി. ആരവമുതിര്‍ത്ത് പൂരപ്രേമികളായ പതിനായിരങ്ങള്‍. ആരവങ്ങള്‍ നിലക്കും മുന്‍പേ തിരുവമ്പാടിയുടെ ഗജവീരന്മാരും കുടമാറ്റത്തിനൊരുങ്ങി തെക്കേ ഗോപുര നടയിലേക്ക്. ഒളിപ്പിച്ചു വെച്ച വര്‍ണ വിസ്മയങ്ങള്‍ ഓരോന്നായി വിണ്ണിലേക്കും ഒപ്പം പൂരപ്രേമികളുടെ മനസ്സിലേക്കും.

വെടിക്കെട്ട്, പകൽപ്പൂരം.. വിസ്മയങ്ങളുടെ പൂരകാഴ്ചകൾ ഇനിയും ഏറെയുണ്ട് പൂരനഗരിയിൽ. ആ കാഴ്ചകളുടെ ഭാഗമാകാനുള്ള ഒഴുക്ക് തുടരുകയാണ് തൃശൂരിലെ ഓരോ വഴികളിലൂടെയും.

Related Tags :
Similar Posts