Kerala
മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധംമുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം
Kerala

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം

admin
|
27 May 2018 11:18 AM GMT

മുഖ്യമന്ത്രി പിണറായി വിജയന്‍ മുല്ലപ്പെരിയാര്‍ വിഷയത്തിലെടുത്തിരിക്കുന്ന പുതിയ നിലപാട് വഞ്ചനാപരമാണെന്ന് വി ഡി സതീശന്‍.

മുല്ലപ്പെരിയാറില്‍ പുതിയ ഡാം ആവശ്യമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധം ഉയരുന്നു. മുഖ്യമന്ത്രിയുടെ നിലപാട് മാറ്റം വഞ്ചനാപരമാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ ആരോപിച്ചു. പുതിയ ഡാമിന്റെ പേരില്‍ വോട്ട് വാങ്ങി ജയിച്ച എല്‍ഡിഎഫിന്റെ നിലപാട് മാറ്റത്തിനെതിരെ ശക്തമായി സമരം ഉണ്ടാകുമെന്ന് മുല്ലപ്പെരിയാര്‍ സംരക്ഷണ സമിതി ചെയര്‍മാന്‍ ഫാദര്‍ ജോയ് നിരപ്പേല്‍ പറഞ്ഞു.

മുല്ലപ്പെരിയാറില്‍ അണക്കെട്ടിന് ബലക്ഷയമില്ലെന്നും പുതിയ അണക്കെട്ട് ആവശ്യമില്ലെന്നും കഴിഞ്ഞ ദിവസം പിണറായി ഡല്‍ഹിയില്‍ പറഞ്ഞിരുന്നു. ഇതനെതിരെയാണ് വി ഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ്. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് എന്ന ആവശ്യം ഉയര്‍ത്തിപ്പിടിച്ച് അധികാരത്തിലെത്തിയ പിണറായി വിജയന്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന തമിഴ്‍നാട് സുപ്രീംകോടതിയില്‍ ആയുധമാക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പിണറായിയുടെ നിലപാട് വഞ്ചനാപരമാണെന്ന് മുല്ലപ്പെരിയാര്‍ സംരക്ഷണ സമിതി ചെയര്‍മാന്‍ ഫാദര്‍ ജോയ് നിരപ്പേല്‍ പറഞ്ഞു. ഈ നിലപാട് സുപ്രീംകോടതിയിലുള്ള കേസിനെ പ്രതികൂലമായി ‌ബാധിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരള നിയമസഭയും സര്‍വ്വകക്ഷി യോഗവും ഏകകണ്ഠമായി അംഗീകരിച്ച് തുടര്‍ന്നുവന്ന നയസമീപനത്തിന് എതിരാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടുമാറ്റുമെന്ന് കെപിസിസി പ്രസിഡന്‍റ് വിഎം സുധീരന്‍ പറഞ്ഞു. ഈ നിലപാടുമാറ്റത്തിന്റെ പിന്നിലെ പ്രേരണ എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. തുടക്കം മുതല്‍ കേരളം ഒറ്റ ശബ്ദത്തിലാണ് മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പ്രതികരിച്ചത്. നിയമസഭയെയും രാഷ്ട്രീയപ്രസ്ഥാനങ്ങളെയും ബഹുജനവികാരത്തെയും അവഗണിച്ചുകൊണ്ടുള്ള ഇപ്പോഴത്തെ നിലപാടുമാറ്റം ദുരൂഹമാണെന്നും വിഎം സുധീരന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രസ്താവന നിര്‍ഭാഗ്യകരമെന്നായിരുന്നു എന്‍കെ പ്രേമചന്ദ്രന്‍ എംപിയുടെ പ്രതികരണം. കേരളത്തിന്റെ താത്പര്യം തകര്‍ക്കുന്ന പ്രസ്താവനയെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തിലെ നിലപാട് മാറ്റം ദൌര്‍ഭാഗ്യകരമെന്ന് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.

എന്നാല്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വൈകാരികമായ ഇടപെടലല്ല വേണ്ടതെന്ന് മുഖ്യമന്ത്രി തിരിച്ചറിഞ്ഞതിനാലാണ് പ്രസ്താവനയെന്നായിരുന്നു പരിസ്ഥിതി പ്രവര്‍ത്തന്‍ സി ആര്‍ നീലകണ്ഠന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ പ്രസ്താവനയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സംരക്ഷണ സമിതി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

Similar Posts