മലാപറമ്പിലെ കുട്ടികള്‍ കളക്ട്രേറ്റില്‍ പഠനം തുടങ്ങി
|അടച്ചു പൂട്ടിയ കോഴിക്കോട് മലാപറമ്പ് എയുപി സ്കൂളിലെ കുട്ടികള്‍ കളക്ട്രേറ്റിലൊരുക്കിയ ക്ലാസ് റൂമില്‍ അധ്യയനം തുടങ്ങി
കോഴിക്കോട് മലാപറമ്പ് സ്കൂളിലെ കുട്ടികള്‍ താല്‍കാലിക ക്ലാസ് മുറികളില്‍ പഠനം തുടങ്ങി. കലക്ട്രേറ്റിനോട് ചേര്‍ന്നുളള എഞ്ചിനീയര്‍ ഹാള്‍ ക്ലാസ് മുറികളായി തിരിച്ചാണ് പഠനം നടത്തുന്നത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്കൂള്‍ പൂട്ടിയതിനെ തുടര്‍ന്ന് കുട്ടികളെ സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. സര്‍ക്കാര്‍ സ്കൂള്‍ ഏറ്റെടുക്കുന്ന നടപടി പൂര്‍ത്തിയാകുന്നത് വരെ 58 കുട്ടികളുടെ പഠനം ഇവിടെ നടക്കും.
പഠനം പാതിവഴിയിലാകാത്തതിന്റെ ആശ്വാസത്തിലാണ് കുട്ടികള്‍ എഞ്ചിനീയറിംഗ് ഹാളിലെ പഠന മുറിയിലേക്കെത്തിയത്. അസംബ്ലിക്ക് ശേഷം ക്ലാസ്സ് മുറികളിലേക്ക്. താല്‍കാലികമായൊരുക്കിയ ക്ലാസ്സ് മുറിയില്‍ നിന്ന് അധ്യാപകര്‍ പാഠഭാഗങ്ങള്‍ പറഞ്ഞുനല്‍കി. പുതിയ ക്ലാസ് മുറിയിലിരിക്കുമ്പോഴും കുട്ടികളുടെ മനസ്സ് പഴയ സ്കൂള്‍ മുറ്റത്തായിരുന്നു. ഹാള്‍ ആറ് ക്ലാസ്സ് മുറികളായി തിരിച്ചിട്ടുണ്ട്. പെട്ടെന്ന് തന്നെ സ്കൂളിലേക്ക് മടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് അധ്യാപകരും
കലക്ടര്‍ എന്‍ പ്രശാന്ത്, ഡിഡിഎ ഗിരീഷ് ചോലയില്‍ എന്നിവരും കുട്ടികള്‍ക്ക് ആശംസകള്‍ നേരാനെത്തി. താല്ക്കാലികമായി ഒരുക്കിയതാണെങ്കിലും ഒരു രാത്രി കൊണ്ട് ഭേദപ്പെട്ട സൌകര്യമൊരുക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.