അകാരണമായ സ്ഥലംമാറ്റം ഉണ്ടാവില്ല; കാതലായ മാറ്റങ്ങളോടെ പൊലീസ് നയം
|രണ്ട് വര്‍ഷത്തേക്ക് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അകാരണമായി സ്ഥലം മാറ്റം ഉണ്ടാവില്ലെന്നാണ് പ്രഖ്യാപനം
സംസ്ഥാന പോലീസില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയുള്ള പോലീസ് നയം ഉദ്യോഗസ്ഥരെ അറിയിച്ചു. രണ്ട് വര്‍ഷത്തേക്ക് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അകാരണമായി സ്ഥലം മാറ്റം ഉണ്ടാവില്ലെന്നതാണ് എല്‍ഡിഎഫ് നയം. കേസ് അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാവില്ലെന്ന ഉറപ്പും ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നുണ്ട്. പോലീസ് ആസ്ഥാനത്തെത്തിയ മുഖ്യമന്ത്രിയെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി സ്വീകരിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ പൊലീസ് നയം പ്രഖ്യാപിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. പൊലീസ് ആസ്ഥാനത്തെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ മുഖ്യമന്ത്രിയെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി ഡിജിപി ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു. രണ്ട് വര്‍ഷത്തേക്ക് ഉന്നത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റില്ലന്നാണ് സര്‍ക്കാര്‍ നിലപാട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അതിക്രമം ഉണ്ടായാല്‍ 24 മണിക്കൂറിനകം നടപടിയെടുക്കണമെന്ന് ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിക്കുന്നു. മുഴുവന്‍ ഉദ്യോഗസ്ഥരും പോലീസ് വകുപ്പിന് പുറമേ വിജിലന്‍സ്, ക്രൈംബ്രാഞ്ച്, ഇന്റലിജന്‍സ് എന്നിവിടങ്ങളിലും പ്രവര്‍ത്തിക്കേണ്ടി വരുമെന്നും വ്യക്തമാക്കുന്നുണ്ട്. കേസ് അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാവില്ലന്ന ഉറപ്പും ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നുണ്ട്.
ജനങ്ങളെ അടിച്ചമര്‍ത്തിയല്ല മറിച്ച് വിശ്വാസത്തിലെടുത്തായിരിക്കണം പ്രവര്‍ത്തനമെന്ന് മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു. കേരള പോലീസിനെ രാജ്യത്തെ ഒന്നാമത്തെ പോലീസ് സേനയാക്കണമെന്നും മുഖ്യമന്ത്രി യോഗത്തിനിടെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.