അണ് എയ്ഡഡ് സ്കൂളിനുവേണ്ടി എയ്ഡഡ് സ്കൂളിന്റെ കെട്ടിടം പൊളിച്ചു
|കെട്ടിടം പുനര്‍നിര്‍മിക്കണമെന്ന ഉത്തരവ് മാനേജര്‍ നടപ്പിലാക്കിയില്ല.
തിരുവനന്തപുരം നരുവാമൂട് അണ് എയ്ഡഡ് സ്കൂളിനുവേണ്ടി എയ്ഡഡ് സ്കൂളിന്റെ കെട്ടിടം പൊളിച്ച് വഴിയുണ്ടാക്കി. കെട്ടിടം പുനര്‍നിര്‍മിക്കണമെന്ന ഉത്തരവ് മാനേജര്‍ നടപ്പിലാക്കിയതുമില്ല. എയ്ഡഡ് സ്കൂളിനെ ഇല്ലാതാക്കി അണ് എയ്ഡഡ് സ്കൂളിന് കൊള്ളലാഭമുണ്ടാക്കലാണ് മാനേജറുടെ ലക്ഷ്യമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
നരുവാമൂട് എസ് ആര് എസ് യു പി സ്കൂളിലേത് വിചിത്രമായ കാഴ്ചയാണ്. ഇതേ കോമ്പൌണ്ടില്‍ തന്നെ മാനേജ്മെന്റ് ഒരു അണ്‍എയ്ഡഡ് സ്കൂളും തുറന്നിട്ടുണ്ട്. രണ്ട് വര്‍ഷം മുന്‍പ് ബലക്ഷയമുണ്ടെന്ന പേരില്‍ എയ്ഡഡ് സ്കൂളിന്റെ ഒരു കെട്ടിടം പൊളിച്ചു. അതേയിടത്ത് പുനര്‍നിര്‍മിക്കണമെന്ന ഉറപ്പിലാണ് എഇഒ അനുമതി നല്‍കിയത്.
കഴിഞ്ഞ ദിവസം, തകര്‍ന്ന കെട്ടിടഭാഗത്തുകൂടെ അണ് എയ്ഡഡ് സ്കൂളിലേക്ക് വഴി വെട്ടി ഗേറ്റ് സ്ഥാപിച്ചു. ഇതോടെ പ്രകോപിതരായ നാട്ടുകാര്‍ ഗേറ്റിന് താഴിട്ടു. സ്കൂളിനെ പടിപടിയായി തകര്‍ക്കാനുള്ള ശ്രമമാണ് മാനേജ്മെന്റിന്റേതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. എന്നാല്‍ നിലവിലുള്ള ക്ലാസ്മുറികള് എല്ലാം കൂടി 15 എണ്ണമുണ്ടെന്നും കുട്ടികളില്ലാത്തതിനാല്‍ 6 ഡിവിഷനിലേ ക്ലാസ് നടക്കുന്നുള്ളുവെന്നും അതിനാല്‍ പുതിയ കെട്ടിടം നിര്‍മ്മിക്കേണ്ട ആവശ്യമില്ലെന്നുമാണ് മാനേജരുടെ വാദം.
കെട്ടിടം പുനര്‍നിര്‍മിച്ചില്ലെങ്കില്‍ നടപടി സ്വീകരിക്കാമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പാലിക്കപ്പെട്ടില്ല. പുതിയ വഴി ഉപയോഗിക്കാന്‍ അണ് എയ്ഡഡ് സ്കൂളിന് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതിയും ഉത്തരവിട്ടതോടെ മറ്റൊരു എയ്ഡഡ് സ്കൂളിന്റെ നാളുകള്‍ കൂടി എണ്ണപ്പെട്ടിരിക്കുകയാണ്.