ആര്എസ്പിയില് കൂട്ടരാജി; ദ്രോഹിച്ചാല്‍ അഴിമതി കഥകള്‍ പുറത്തുവിടുമെന്ന് കോവൂര്‍ കുഞ്ഞുമോന്
|ആര്എസ്പിയില് കൂട്ടരാജി തുടരുന്നു. കുന്നത്തൂര്‍ മണ്ഡലത്തിലെ എട്ട് ലോക്കല്‍ കമ്മിറ്റികളും പിരിച്ചുവിട്ട് പ്രവര്‍ത്തകര്‍ കോവൂര്‍ കുഞ്ഞുമോന് പക്ഷത്ത് ചേര്‍ന്നു
ആര്എസ്പിയില് കൂട്ടരാജി തുടരുന്നു. കുന്നത്തൂര്‍ മണ്ഡലത്തിലെ എട്ട് ലോക്കല്‍ കമ്മിറ്റികളും പിരിച്ചുവിട്ട് പ്രവര്‍ത്തകര്‍ കോവൂര്‍ കുഞ്ഞുമോന് പക്ഷത്ത് ചേര്‍ന്നു. ആര്‍വൈഎഫിന്റെ സംസ്ഥാന കമ്മിറ്റി അംഗങ്ങളില്‍ ചിലര്‍ നാളെ രാജിവച്ചേക്കും. ദ്രോഹിച്ചാല്‍ ഷിബു ബേബി ജോണ്‍ അടക്കമുളളവരുടെ അഴിമതിക്കഥകള്‍ പുറത്ത് വിടുമെന്ന് കോവൂര്‍ കുഞ്ഞുമോന് മീഡിയവണിനോട് പറഞ്ഞു.
മുതിര്‍ന്ന നേതാവായ കോവൂര്‍ കുഞ്ഞുമോന് എംഎല്‍എ പാര്‍ട്ടിവിട്ട് ആര്‍എസ്പി ലെനിനിസ്റ്റ് രൂപകരിച്ചതിന് പിന്നാലെ ആര്എസ്പിയില് പൊട്ടിത്തെറി തുടരുകയാണ്. ആര്‍എസ്പിയുടെ സീറ്റിംഗ് സീറ്റുകളില്‍ ഒന്നായ കുന്നത്തൂര്‍ നിയോജക മണ്ഡലത്തില്‍ പെടുന്ന 10 ലോക്കല്‍ കമ്മിറ്റികളില്‍ എട്ട് എണ്ണവും പിരിച്ചുവിട്ട് പ്രവര്‍ത്തകര്‍ കോവൂര്‍ കുഞ്ഞുമോന് പക്ഷത്ത് ചേര്‍ന്നു. മണ്ഡലം പ്രസിഡന്റ്, ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ അടക്കുമുള്ളവരാണ് ഏറ്റവും ഒടുവില്‍
പാര്‍ട്ടിവിട്ടത്.
കഴിഞ്ഞ ദിവസം ശൂരനാട് ലോക്കല്‍ കമ്മിറ്റി ചേരാന്‍ നേതാക്കള്‍ ശ്രമിച്ചെങ്കിലും സെക്രട്ടറി അടക്കം രാജിവച്ചതിനാല്‍ ഇത് സാധിച്ചില്ല. ആര്‍വൈഎഫിന്റെ സംസ്ഥാന കമ്മിറ്റിയിലേയും ആര്‍എസ്പി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലെയും പ്രമുഖരായ ചില നേതാക്കള്‍ കൂടി നാളെ പാര്‍ട്ടിവിട്ടേക്കും. കുഞ്ഞുമോന് രൂപീകരിച്ച ആര്‍എസ്പി ലെനിനിസ്റ്റിനെ ഇടത്പക്ഷം ഘടകകക്ഷിയായി ഉള്‍പ്പെടുത്തിയേക്കുമെന്ന് ഉറപ്പായതോടെയാണ് ഇടത് ആഭിമുഖ്യമുള്ളവര്‍ രാജിക്കൊരുങ്ങുന്നത്. അതേസമയം 15 വര്‍ഷം ഒപ്പമുണ്ടായിരുന്നപ്പോള്‍ പാര്‍ട്ടി കമ്മിറ്റികളില്‍ പോലും ഉന്നയിക്കാതിരുന്ന ആരോപണങ്ങളാണ് ഇപ്പോള്‍ ഷിബുബേബിജോണും കൂട്ടരും ഉന്നയിക്കുന്നതെന്ന് കോവൂര കുഞ്ഞുമോന് പറഞ്ഞു.
കുഞ്ഞുമോനും ഭൂരിഭാഗം പ്രവര്‍ത്തകരും പാര്‍ട്ടി വിട്ടതോടെ കുന്നത്തൂര്‍ മണ്ഡലം ആര്‍എസ്പിക്ക് നല്‍കേണ്ടതില്ലെന്ന അഭിപ്രായവുമായി കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.