ആനയിറങ്ങിയാല്‍ അറിയിക്കാനും ഇനി ആപ്പ്
|മൂന്നാറില്‍ കാട്ടാന ശല്ല്യം രൂക്ഷമായ പ്രദേശങ്ങളില്‍ വിളക്കുമരങ്ങള്‍ സ്ഥാപിച്ചു
മൂന്നാറില്‍ ഇനി ആനയിറങ്ങിയാല്‍ ആപ്പിലറിയാം. കാട്ടാനശല്ല്യം രൂക്ഷമായ മൂന്നാര്‍ മേഖലയില്‍ ആനയിറങ്ങുന്ന വിവരം ജനങ്ങളെ അറിയിക്കാനായാണ് വനം വകുപ്പ് പുതിയ ആപ്ലിക്കേഷനു രൂപം നല്‍കിയത്. ഇതോടെ ആന നില്ക്കുന്ന സ്ഥലത്തെ പറ്റി 400 പേരുടെ മൊബൈല്‍ നമ്പരില്‍ മെസ്സേജ് എത്തും.
ഒന്‍പതുപേരെ കൊന്ന ചുളളി കൊമ്പന്, മൂന്നാറിനെ കിടുകിടാ വിറപ്പിക്കുന്ന പടയപ്പ, പേരറിയാത്ത ശല്ല്യക്കാരായ കാട്ടാനകൂട്ടങ്ങള്‍ വേറെയും... ആനയുടെ ആക്രമണത്തില്‍ മൂന്നാറില്‍ പൊലിയുന്നത് ഒരു വര്‍ഷം ശരാശരി അഞ്ചോളം ജീവനുകളാണ്. ഇതിന് അറുതി വരുത്താനാണ് മൂന്നാര്‍ ഡി.എഫ് ഒയുടെ നേത്യത്വത്തില്‍ വനം വകുപ്പ് ഒരു ആപ്ലിക്കേഷന്‍ തയ്യാറാക്കിയത്.
മൂന്നാറിലെ 400 ഫോണ്‍ നമ്പരുകളിലേക്ക് കാട്ടാനകള്‍ ഇറങ്ങിയ വിവരം മെസ്സേജായി നല്‍കും. കൂടാതെ മൂന്നാറിലെ ഉയരം കൂടി പ്രദേശങ്ങളില്‍ വിളക്ക് മരങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ആന ഇറങ്ങിയാല്‍ ചുവപ്പു വെളിച്ചമുള്ള ലൈറ്റ് തെളിയും ഇത് മൂലം 5 കിലോമീറ്റര്‍ ചുറ്റളവിലുള്ള ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കാന് കഴിയും. ആനയിറങ്ങിയ വിവരം വനംവകുപ്പിനെ അറിയിക്കുന്നതിനായി 4 ഫോണ്‍ നമ്പരുകളും നല്‍കിയിട്ടുണ്ട് അധിക്യതര്‍.