സ്ഥലമേറ്റെടുത്തിട്ട് നാലുവര്‍ഷം: നാളികേര വ്യവസായ പാര്‍ക്ക് കടലാസില്‍ തന്നെ
|മണിമല എസ്റ്റേറ്റ് ഏറ്റെടുത്തതിലെ ക്രമക്കേടും അഴിമതിയും സംബന്ധിച്ചുള്ള വാര്‍ത്ത കഴിഞ്ഞ ദിവസം മീഡിയാവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു
കോഴിക്കോട് വേളത്ത് നാളികേര വ്യവസായ പാര്ക്കിന് വേണ്ടി സ്ഥലം ഏറ്റെടുത്ത് നാല് വര്‍ഷം കഴിഞ്ഞിട്ടും പദ്ധതി ആരംഭിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. 131 ഏക്കര്‍ വരുന്ന മണിമല എസ്റ്റേറ്റാണ് പദ്ധതിക്കായി ഏറ്റെടുത്തിട്ടുള്ളത്. മണിമല എസ്റ്റേറ്റ് ഏറ്റെടുത്തതിലെ ക്രമക്കേടും അഴിമതിയും സംബന്ധിച്ചുള്ള വാര്‍ത്ത കഴിഞ്ഞ ദിവസം മീഡിയാവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എളമരം കരീം വ്യവസായമന്ത്രി ആയിരിക്കെ 2010ലാണ് കുറ്റ്യാടി നാളികേര വ്യവസായ പാര്‍ക്ക് പ്രഖ്യാപിച്ചത്. സ്ഥലമെടുപ്പ് ഫാസ്റ്റ്ട്രാക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്ത് കോടി രൂപയും വകയിരുത്തി. ഒരു വര്‍ഷത്തിനകം പദ്ധതി തുടങ്ങുമെന്നും അതിവേഗം ഭൂമി ഏറ്റെടുക്കണമെന്നും കാണിച്ച് കെഎസ്ഐഡിസി എംഡി കൊയിലാണ്ടി എല്‍എ തഹസില്‍ദാര്‍ക്ക് അയച്ച കത്താണിത്.
2012 ഫെബ്രുവരിയില്‍ സ്ഥലമെ നടപടി പൂര്‍ത്തിയായി. സ്ഥലമെടുപ്പിന് കാണിച്ച തിടുക്കം പിന്നീടുണ്ടായില്ല. ഭൂമി ഏറ്റെടുത്ത് നാല് വര്‍ഷം കഴിഞ്ഞിട്ടും നാളികേര വ്യവസായ പാര്‍ക്ക് കടലാസില്‍ ഒതുങ്ങുകയാണ്.
സ്ഥലത്തിന് കൂടുതല്‍ വില നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ കേസുണ്ട്. ഈ കേസ് പക്ഷേ നാളികേര പാര്‍ക്ക് തുടങ്ങാന്‍ തടസ്സവുമല്ല. എന്നിട്ടും പദ്ധതിക്ക് വേണ്ടി ഏറ്റെടുത്ത 131 ഏക്കര്‍ ആരും തിരിഞ്ഞു നോക്കാതെ കിടക്കുകയാണ്.
നാളികേര പാര്‍ക്ക് ഇനിയും ആരംഭിക്കാത്ത സാഹചര്യത്തില്‍ എന്തിന് വേണ്ടിയാണ് മണിമല എസ്റ്റേറ്റ് ഏറ്റെടുത്തതെന്ന ചോദ്യം പ്രസക്തമാകുകയാണ്. സ്ഥലമെടുപ്പില്‍ ആസൂത്രിതമായ ക്രമക്കേട് നടന്നുവെന്ന കണ്ടെത്തല്‍ കൂടി ഇതിനോട് ചേര്‍ത്തുവായിക്കണം.