വാക്സിനേഷന് വിരുദ്ധ പ്രചരണങ്ങള്‍ക്ക് ഏതെങ്കിലും മതവുമായി ബന്ധമില്ലെന്ന് ആരോഗ്യമന്ത്രി
|കുട്ടികള്‍ക്കുള്ള വാക്സിനുകളെക്കുറിച്ച് രക്ഷിതാക്കള്‍ക്ക് വിവരം നല്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ നടന് മോഹന്‍ലാല്‍ പ്രകാശനം ചെയ്തു.
പ്രതിരോധ കുത്തിവെപ്പുകള്‍ക്കെതിരായ പ്രചരണങ്ങള്‍ക്ക് ഏതെങ്കിലും മതവുമായി ബന്ധമില്ലെന്ന് ആരോഗ്യമന്ത്രി കെ കെ കെ ശൈലജ. ആരോഗ്യവകുപ്പിന്റെ വാക്സിനേഷന് പ്രചരണ വീഡിയോകളുടെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. കുട്ടികള്‍ക്കുള്ള വാക്സിനുകളെക്കുറിച്ച് രക്ഷിതാക്കള്‍ക്ക് വിവരം നല്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ നടന് മോഹന്‍ലാല്‍ പ്രകാശനം ചെയ്തു.
വാക്സിനേഷന് കുട്ടികളുടെ ജന്മാവകാശം, കരുത്തുറ്റ കൌമാരത്തിന് ആഴ്ചയില്‍ ഒരു അയണ്‍ ഗുളിക എന്നീ ബോധവല്കരണ വീഡിയോകളാണ് ആരോഗ്യവകുപ്പ് പുറത്തിറക്കിയത്. പ്രതിരോധ കുത്തിവെപ്പിന് എതിരായ പ്രചരണം ശക്തമാണെങ്കിലും ആരോഗ്യവകുപ്പിന്റെ ബോധവല്കരണ പരിപാടികള്‍ ജനങ്ങളില്‍ മാറ്റമുണ്ടാക്കിയിട്ടുണ്ടെന്ന് കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു.
തുടര്‍പ്രവര്‍ത്തനങ്ങള്‍ ഉണ്ടായാല്‍ മാത്രമേ സര്‍ക്കാറിന്റെ ബോധവല്കരണ പരിപാടികള്‍ ഫലം കാണൂവെന്ന് മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു.
വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ കുട്ടികള്‍ക്ക് നല്‍കേണ്ട പ്രതിരോധ കുത്തിവെപ്പുകളെക്കുറിച്ച് ഇമ്മ്യൂണൈസേഷന്‍ കേരള മൊബൈല്‍ ആപ് വിവരം നല്കുന്നു. ദേശീയ ആരോഗ്യ ദൌത്യത്തിന്റെ ഭാഗമായാണ് വീഡിയോകളും ആപ്ലിക്കേഷനും പുറത്തിറക്കിയത്.