ആറാം മാസത്തില്‍ പിറന്ന കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന് ആരോഗ്യകേരളം
|പുഞ്ചിരിച്ചു തുടങ്ങിയിട്ടില്ല ഇവള്‍. പക്ഷേ ഈ മുഖം ഒരുപാടുപേരുടെ മുഖത്ത് ആശ്വാസത്തിന്റെ പുഞ്ചിരി
ആറാംമാസത്തില്‍ പിറന്ന കുഞ്ഞിനെ ജീവിതത്തിലേയ്ക്ക് മടക്കികൊണ്ടുവന്ന് ആരോഗ്യ കേരളം വീണ്ടും മികവിന്റെ പാതയില്‍. ആലപ്പുഴ പാതിരപ്പള്ളി സ്വദേശിയായ മനുവിന്റെ ഭാര്യ ബെറ്റി മാസം തികയാതെ രണ്ടുമാസം മുന്‍പ് പ്രസവിച്ചപ്പോള്‍ കുഞ്ഞിന്റെ തൂക്കം വെറും അഞ്ഞൂറു ഗ്രാമായിരുന്നു. രണ്ടരമാസത്തെ തീവ്ര പരിചരണത്തിനൊടുവില്‍ ആരോഗ്യമുള്ള കുഞ്ഞുമായി ആശുപത്രി വിടുകയാണ് ഈ കുടുംബം
പുഞ്ചിരിച്ചു തുടങ്ങിയിട്ടില്ല ഇവള്‍. പക്ഷേ ഈ മുഖം ഒരുപാടുപേരുടെ മുഖത്ത് ആശ്വാസത്തിന്റെ പുഞ്ചിരി സമ്മാനിക്കുന്നുണ്ട്. മെയ് പതിനേഴിന് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ ഇവള്‍ പിറന്നു വീണപ്പോള്‍ തൂക്കം കുറഞ്ഞത് രക്ഷിതാക്കള്‍ക്ക് ആശങ്കയാണ് സമ്മാനിച്ചത്. കുട്ടി മാസംതികക്കാതെ ഗര്‍ഭപാത്രത്തില്‍നിന്ന് പുറത്തുവരുമെന്ന കണക്കുകൂട്ടലുണ്ടായിരുന്നതിനാല്‍ ഡോക്ടര്‍മാരും തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. പൂര്‍ണ്ണ വളര്‍ച്ചയിലേയ്ക്ക് കുഞ്ഞിനെ എത്തിക്കാനുള്ള കഠിന പരിശ്രമങ്ങള്‍. പിറന്നയുടന്‍ നൂതന സാങ്കേതികവിദ്യകളുള്ള തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ജീവന്‍ നിലനര്‍ത്താനുള്ള മരുന്നുകളും പോഷകങ്ങളും പൊക്കിള്‍കൊടിയിലൂടെ നല്‍കി. ട്യൂബിലൂടെ മുലപ്പാലും. കൃത്യമായ നിരീക്ഷണവും പരിചരണവും ഫലംകണ്ടതിന്റെ സന്തോഷത്തിലാണ് ഡോക്ടര്‍മാരും ആശുപത്രി അധികൃതരും
എഴുപത്തിയേഴുദിവസത്തെ പരിചരണത്തിനടുവില്‍ ഇപ്പോള്‍ കുഞ്ഞിന്റെ തൂക്കം രണ്ടുകിലോ പിന്നിട്ടു. ഇതോടെ ബെറ്റിയുടെയും കുടുംബത്തിന്റെയും സന്തോഷത്തിന് അതിരില്ല.