യുവതിയെ അപമാനിച്ച സംഭവം; ധനേഷ് മാത്യു മാഞ്ഞൂരാന്റെ ആവശ്യം കോടതി തള്ളി
|കേസ് റദ്ദാക്കാന്‍ കഴിയില്ലെന്ന് പൊലീസ് ഹൈക്കോടതിയില്‍ അറിയിച്ചു
നടുറോട്ടില്‍ യുവതിയെ കടന്നുപിടിച്ചുവെന്ന കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന അഭിഭാഷകന്റെ ആവശ്യം ഹൈക്കോടതി തള്ളി.അഡ്വക്കേറ്റ് ധനേഷ് മാത്യു മാഞ്ഞൂരാന്റെ ഹരജിയാണ് കോടതി തള്ളിയത്. കേസില്‍ കുറ്റപത്രം സമര്‍പിച്ചതായി പോലീസ് ഹൈക്കോടതിയെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്.
ധനേഷ് മാഞ്ഞൂരാന്‍ കുറ്റക്കാരനാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇക്കാര്യത്തില്‍ 37 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് റദ്ദാക്കാനാവില്ലെന്ന് പൊലീസ് കോടതിയില്‍ ആവര്‍ത്തിച്ചു. വിചാരണ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ധനേഷ് മാഞ്ഞൂരാന്റെ ഹരജി നിലനില്‍ക്കുന്നതല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എഫ്ഐആര്‍ റദ്ദാക്കുന്നതിന് പുറമെ പരാതിക്കാരിയുടെ രഹസ്യമൊഴി പുറത്ത് വന്നത് എങ്ങനെയാണെന്ന് അന്വേഷിക്കണമെന്നും ധനേഷിന്റെ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു
കൂടാതെ കേസുമായി ബന്ധപ്പെട്ടുളള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നും അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.ഈ ആവശ്യങ്ങളൊന്നും കോടതി അംഗീകരിച്ചില്ല. കഴിഞ്ഞ മാസം പതിന്നാലാം തിയ്യതി വൈകീട്ട് ഏഴ് മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം. യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാനെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പക്കുകയായിരുന്നു.