ഓണ വിപണിയില്‍ പുത്തനുണര്‍വുമായി കൈത്തറി
|പഴമയെ കൈവിടാതെ പുതിയ ട്രെന്‍ഡിനൊപ്പം നടന്ന് ശക്തമായ തിരിച്ചു വരവിനൊരുങ്ങുകയാണ് കൈത്തറി മേഖല
ഓണ വിപണിയില്‍ പുത്തനുണര്‍വുമായി കൈത്തറി. പ്രതിസന്ധികളില്‍ പെട്ടുഴലുന്ന കൈത്തറി മേഖലക്ക് പ്രതീക്ഷയുടെ കാലമാണ് ഓണ വിപണി. സംസ്ഥാന വ്യവസായ വികസന കേന്ദ്രം കണ്ണൂരില്‍ സംഘടിപ്പിക്കുന്ന കൈത്തറി പ്രദര്‍ശന മേളയില്‍ നിന്ന് മാത്രം ഇത്തവണ ലക്ഷ്യമിടുന്നത് ആറരക്കോടി രൂപയുടെ വിറ്റുവരവാണ്.
പഴമയെ കൈവിടാതെ പുതിയ ട്രെന്‍ഡിനൊപ്പം നടന്ന് ശക്തമായ തിരിച്ചു വരവിനൊരുങ്ങുകയാണ് കൈത്തറി മേഖല. വിവിധ ഷോറൂമുകള്‍ വഴിയും പ്രത്യേക വില്‍പ്പന മേളകള്‍ സംഘടിപ്പിച്ചും ഓണ വിപണിയില്‍ കൈത്തറി സജീവ സാന്നിധ്യമായിക്കഴിഞ്ഞു. 20 മുതല്‍ 40 ശതമാനം വരെ സര്‍ക്കാര്‍ റിബേറ്റോടു കൂടിയാണ് കൈത്തറി വസ്ത്രങ്ങളുടെ വില്‍പ്പന. ജില്ലാ വ്യവസായ വകുപ്പ്, കൈത്തറി ആന്‍ഡ് ടെക്സ്റ്റയില്‍സ് വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ ഓണ വിപണി ലക്ഷ്യമിട്ട് സംസ്ഥാന വ്യാപകമായി കൈത്തറി മേളകള്‍ സംഘടിപ്പിക്കുന്നുണ്ട്. കണ്ണൂരില്‍ നടക്കുന്ന മേളയില്‍ ജില്ലയില്‍ നിന്നുളള 33 കൈത്തറി സംഘങ്ങള്‍ക്ക് പുറമെ സംസ്ഥാനത്തിന്റെ മറ്റിടങ്ങളില്‍ നിന്നുളള 11 യൂണിറ്റുകളുടെയും സ്റ്റാളുകളുണ്ട്. ആറരക്കോടി രൂപയുടെ വിറ്റുവരവാണ് ഇവിടെ നിന്ന് മാത്രം ഇത്തവണ പ്രതീക്ഷിക്കുന്നത്.
കസവ് ടിഷ്യു സാരികളും ഓര്‍ഗാനിക് കൈത്തറിയുമാണ് ഇത്തവണ കൈത്തറി മേളകളിലെ താരം. ഇതിനു പുറമെ ജൂട്ട് സില്ക്ക്, കോട്ടണ്‍ സാരികള്‍, ചുരിദാര്‍ മെറ്റീരിയല്‍ തുടങ്ങിയവക്കും ആവശ്യക്കാര്‍ ഏറെയാണ്. പുതിയ തലമുറയെ കൂടുതലായി ആകര്‍ഷിക്കാന്‍ കഴിയുന്നു എന്നതും കൈത്തറി മേഖലക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.